• HOME
 • »
 • NEWS
 • »
 • india
 • »
 • Congress | തിരുത്തൽവാദി നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെടും; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

Congress | തിരുത്തൽവാദി നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെടും; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതി യോഗം തിരക്കിട്ട് വിളിച്ചു ചേർത്തത്

 • Share this:
  ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി (poll debacle) ചർച്ച ചെയ്യാൻ കോൺഗ്രസ്‌ പ്രവർത്തകസമിതി (Congress working committee) യോഗം ഇന്ന് വൈകിട്ട് ചേരും. തിരുത്തൽവാദി നേതാക്കൾ നേതൃമാറ്റ ആവശ്യം യോഗത്തിൽ ഉന്നയിക്കും. പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നേതാക്കൾ യോഗം ചേർന്നു.

  തിരഞ്ഞെടുപ്പ് തോൽ‌വിയിൽ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതി യോഗം തിരക്കിട്ട് വിളിച്ചു ചേർത്തത്. തോൽവിയുടെ കാരണം സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. റിപ്പോർട്ടിൽ വിശദമായ ചർച്ചക്കും സാധ്യതയുണ്ട്.

  തോൽ‌വിയുടെ പശ്ചാത്തലത്തിൽ തിരുത്തൽവാദി നേതാക്കൾ നിലപാട് കടുപ്പിക്കും. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടും. ഗുലാം നബി ആസാദ്‌, ആനന്ദ് ശർമ, മുകുൾ വാസ്നിക് തുടങ്ങിയ നേതാക്കളാണ് പ്രവർത്തക സമിതി യോഗത്തിൽ തിരുത്തൽവാദി സംഘത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിനെതിരെ തിരുത്തൽവാദി നേതാക്കൾ വിമർശനമുയർത്തിയാൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം നേതാക്കളും ഒറ്റക്കെട്ടായി എതിർക്കും.

  സംഘടനാ തിരഞ്ഞെടുപ്പ് സമയക്രമം നിശ്ചയിച്ചതാണെങ്കിലും സെപ്റ്റംബറിൽ നടത്തേണ്ട തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തീരുമാനിച്ചേക്കും. ചുമതലകൾ ഒഴിയാനുള്ള സന്നദ്ധത സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തെ അറിയിക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ്‌ നിഷേധിച്ചിരുന്നു.

  ഇന്ത്യയുടെ ജനവിധി നിര്‍ണയിക്കുന്നതില്‍ ഹിന്ദി ഹൃദയഭൂമിക്കുള്ള പങ്ക് നിര്‍ണായകമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നവര്‍ അധികാരത്തിലേറും എന്നാണ് വിശ്വാസം. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമായില്ല.

  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് രണ്ടാം നരേന്ദ്ര മോദി തരംഗത്തിന് മുന്നിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ഏക ആശ്വാസം പഞ്ചാബ് ആയിരുന്നു. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിൽ എട്ടെണ്ണം കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കി.

  എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ, കോൺഗ്രസിന് പഞ്ചാബ് നഷ്ടപ്പെട്ടു. മുൻനിര നേതാക്കൾ പോലും പരാജയം ഏറ്റുവാങ്ങി. അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കപ്പെട്ട ക്യാപ്റ്റൻ തന്റെ പുതിയ പാർട്ടിയിൽ നിന്ന് മത്സരിച്ചപ്പോൾ പട്യാലയിൽ അദ്ദേഹവും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ദളിത് തുറുപ്പുചീട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും പരാജയം ഏറ്റുവാങ്ങി.

  നേതൃത്വത്തെ നവീകരിക്കേണ്ടതായുണ്ട് എന്ന് തിരുവനന്തപുരം എം.പി. ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യമുന്നയിച്ചിരുന്നു. "ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ് - നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്," അദ്ദേഹം കുറിച്ചു.
  Published by:user_57
  First published: