ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചീഫ് ജസ്റ്റിസായിരിക്കെ ഗോഗോയ് സ്വീകരിച്ച ചില കടുത്ത നിലപാടുകൾ ആരോപണങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അസം-എൻആർസി സംബന്ധിച്ച ഗൊഗോയുടെ ഉത്തരവിൽ നിരവധി പേർ അതൃപ്തരാണെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിണ്ട്. സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് എ.കെ പട്നായികിന്റെ നേതൃത്വത്തിലായിരുന്നു ആഭ്യന്തര അന്വേഷണം നടന്നത്.
വർഷങ്ങൾ പിന്നിട്ടതിനാൽ ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നത് പ്രായോഗിക മല്ലന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
2018 ലായിരുന്നു കോടതി ജീവനക്കാരിയായ യുവതി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും തള്ളുകയും ചെയ്തു.
മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി തള്ളിയത്. കഴിഞ്ഞ മാസം, യുവതിക്ക് സുപ്രീംകോടതിയിൽ പുനർനിയമനം നല്‍കിയിരുന്നു.
ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിലവിൽ രാജ്യസഭാംഗമാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.