നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Constitution Day 2021 | ഇന്ന് ഭരണഘടനാ ദിനം: ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാം

  Constitution Day 2021 | ഇന്ന് ഭരണഘടനാ ദിനം: ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാം

  ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്

  Indian_Constitution

  Indian_Constitution

  • Share this:
   നവംബർ 26 ഇന്ത്യയുടെ ഭരണഘടനാ ദിനമായാണ് (Constitution Day) ആചരിക്കുന്നത്. 1949 ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് (Indian Constitution) ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത് ഈ ദിവസമാണ്. അതിനാൽ ഈ ദിനം ദേശീയ നിയമ ദിനമായും (National Law Day) സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു. പിന്നീട്, 1950 ജനുവരി 26 നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ആ ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായും (Republic Day) ആചരിക്കുന്നു. ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിനും അത് പ്രാബല്യത്തിൽ വന്നതിനും ഇടയിലുള്ള രണ്ടു മാസക്കാലം ഭരണഘടനയുടെ കരടിന്റെ വിശദമായ വായനയ്ക്കും ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കുള്ള വിവർത്തനത്തിനും വേണ്ടിയാണ് വിനിയോഗിച്ചത്. 1950 ജനുവരി 24 ന് ഭരണഘടനയുടെ രണ്ടു കൈയെഴുത്തു പ്രതികളിൽ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവെച്ചു. അതേ വർഷം രണ്ടു ദിവസങ്ങൾക്ക് ശേഷം ഭരണഘടന നിയമമായി മാറുകയും ചെയ്തു.

   എന്തുകൊണ്ടാണ് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്?
   2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ സ്മരണയ്ക്ക് 'സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി'യുടെ ശിലാസ്ഥാപനം നിർവഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു. ആ ഇതിഹാസ പുരുഷനോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്.

   2015 നവംബർ 19 ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സർക്കാർ നടത്തി.

   ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1947 ഓഗസ്റ്റ് 29 നാണ് അംബേദ്‌കർ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി നിയോഗിക്കപ്പെടുന്നത്.

   2020 ൽ ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി. ഈ വർഷവും പാർലമെന്റിലെ സെൻട്രൽ ഹാളിൽ ആഘോഷപരിപാടികൾക്ക് രാഷ്‌ട്രപതി തന്നെയാണ് നേതൃത്വം നൽകുക.

   1946 ലാണ് ഭരണഘടനാ നിർമാണസഭ സ്ഥാപിക്കപ്പെടുന്നത്. 2 വർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന കാലയളവിനിടയിൽ 166 ദിവസങ്ങളിൽ ഭരണഘടനാ നിർമാണസഭ യോഗം ചേർന്നിട്ടുണ്ട്.

   ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, തുല്യത എന്നിവ ഉറപ്പു വരുത്താനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സഹോദര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

   ആദ്യം 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976 ൽ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ പദം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇതുവരെ ഭരണഘടനയുടെ ആമുഖത്തിൽ ഉണ്ടായിട്ടുള്ള ഏക ഭേദഗതിയാണ് ഇത്.
   Published by:Anuraj GR
   First published: