നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്സഭാംഗങ്ങളുടെ എണ്ണം 543ൽ നിന്ന് 1,000 ആയി ഉയർത്തുമോ? ചില ഭരണഘടനാ വ്യവസ്ഥകൾ നോക്കാം

  ലോക്സഭാംഗങ്ങളുടെ എണ്ണം 543ൽ നിന്ന് 1,000 ആയി ഉയർത്തുമോ? ചില ഭരണഘടനാ വ്യവസ്ഥകൾ നോക്കാം

  ലോക്‌സഭയുടെ നിലവിലെ ശക്തി 543 അംഗങ്ങളാണ്. അതില്‍ 530 അംഗങ്ങള്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു, ബാക്കിയുള്ളവര്‍ കേന്ദ്രഭരണ പ്രദേശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

  
പാര്‍ലമെന്റ് മന്ദിരം

  പാര്‍ലമെന്റ് മന്ദിരം

  • Share this:
   ന്യൂഡല്‍ഹി: ലോക്‌സഭയുടെ മൊത്തം അംഗബലം 1000 ആയി ഉയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രഹസ്യ നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ത്തിയിരുന്നു. ജൂലൈ 25 ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിജെപി പാര്‍ലമെന്ററി സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ് 2024ന് മുമ്പ് ലോക്‌സഭാ ശക്തി 1000 അല്ലെങ്കില്‍ അതിലധികമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശമുണ്ടെന്ന കാര്യം അറിഞ്ഞതെന്നും, പുതിയ പാര്‍ലമെന്റ് മന്ദിരം 1000 സീറ്റുകളോടെയാണ് നിര്‍മ്മിക്കുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.

   ലോക്‌സഭയുടെ നിലവിലെ ശക്തി 543 അംഗങ്ങളാണ്. അതില്‍ 530 അംഗങ്ങള്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു, ബാക്കിയുള്ളവര്‍ കേന്ദ്രഭരണ പ്രദേശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ലോക്‌സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ? ഇത് സംബന്ധിച്ച ചില ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാം.

   ലോക്‌സഭയില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ?
   ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 81 അനുസരിച്ച് ലോക്‌സഭയില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പരമാവധി 530 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 20 അംഗങ്ങളും ആകാം. ഇതിനുപുറമെ, ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിലെ രണ്ട് അംഗങ്ങളെ ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ട്ടിക്കിള്‍ 331 പ്രകാരം രാഷ്ട്രപതിയ്ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത ഭരണഘടനാ ഭേദഗതിയിലൂടെ ആംഗ്ലോ-ഇന്ത്യന്‍സിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഇല്ലാതാക്കി.

   ആര്‍ട്ടിക്കിള്‍ 81 ന്റെ രണ്ടാം വകുപ്പ് അനുശാസിക്കുന്ന സൂത്രവാക്യം അനുസരിച്ച് ''ആനുപാതിക പ്രാതിനിധ്യം'' എന്ന സംവിധാനത്തിലൂടെയാണ് സംസ്ഥാനങ്ങളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്.

   60 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ഈ അനുപാതം ബാധകമല്ല. ജനസംഖ്യ-സീറ്റ് അനുപാത പ്രകാരം യോഗ്യതയില്ലെങ്കിലും ഇവര്‍ക്ക് ഒരു സീറ്റെങ്കിലും അനുവദിക്കുന്നതാണ്.

   ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 82 അനുസരിച്ച് ഓരോ സെന്‍സസ് പൂര്‍ത്തിയാക്കിയ ശേഷവും സംസ്ഥാനങ്ങള്‍ക്കും സംസ്ഥാന നിയമസഭാ മണ്ഡലങ്ങള്‍ക്കും ലോക്‌സഭാ സീറ്റുകള്‍ അനുവദിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താം. ഈ പ്രക്രിയയെ ഡിലിമിറ്റേഷന്‍ എന്ന് വിളിക്കുന്നു.

   അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തത് എന്തുകൊണ്ട്?
   സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം കുറയാനുള്ള സാധ്യത വര്‍ദ്ധിക്കും. അടിയന്തരാവസ്ഥക്കാലത്തെ 42-ാം ഭരണഘടനാ ഭേദഗതി 'ഇന്ദിരയുടെ ഭരണഘടന' അല്ലെങ്കില്‍ 'മിനി-ഭരണഘടന' എന്നാണറിയപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 81 (3) എന്ന ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഈ വ്യവസ്ഥ പ്രകാരം '2000ത്തിനുശേഷം എടുത്ത ആദ്യത്തെ സെന്‍സസിന്റെ പ്രസക്തമായ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ 1971 ലെ സെന്‍സസിനെ റഫറന്‍സായി കണക്കാക്കാം''.

   ആര്‍ട്ടിക്കിള്‍ 82ല്‍ സമാനമായ മറ്റൊരു വ്യവസ്ഥയും ഭേദഗതി ചെയ്തു. ഇതോടെ 2000 വരെ അംഗങ്ങളുടെ എണ്ണത്തിലുള്ള പുന:ക്രമീകരണവും, 1971ലെ സെന്‍സസിന് അനുസൃതമായി ജനസംഖ്യാ കണക്കുകളും മരവിപ്പിച്ചു. പാര്‍ലമെന്റിന്റെ ലോവര്‍ സഭയില്‍ അവസാനമായി സീറ്റുകള്‍ വര്‍ധിപ്പിച്ചത് 1977ലാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 55 കോടി ആയിരുന്നു.

   2001ലെ 84 -ാമത് ഭരണഘടനാ ഭേദഗതിയുടെ ഈ സമയപരിധികള്‍ 2000 മുതല്‍ 2026 വരെ നീട്ടി. ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബാസൂത്രണ പരിപാടികളുടെ പുരോഗതി കണക്കിലെടുത്താണ് പരിധി നീട്ടിയത്.

   എന്നാല്‍ ഇതിനുശേഷം ഒരു ഡിലിമിറ്റേഷന്‍ നടന്നു. ഇത് 2002 ജൂലൈയില്‍ ആരംഭിച്ച് 2008 മെയ് മാസത്തില്‍ അവസാനിച്ചു, 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇത് നടത്തിയത്. ഇത് രാജ്യത്തെ എല്ലാ പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളും പുനക്രമീകരിച്ചു. എന്നാല്‍ 2001ല്‍ മരവിപ്പ് നീട്ടിയതിനാല്‍ ലോക്‌സഭയിലോ നിയമസഭകളിലോ ഉള്ള മൊത്തം സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല.

   മുമ്പ് എണ്ണത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ?
   ഭരണഘടനയിലെ വിവിധ ഭേദഗതികളിലൂടെ ലോക്‌സഭയുടെ ശക്തി മുന്‍ കാലങ്ങളില്‍ മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, ആര്‍ട്ടിക്കിള്‍ 81 പ്രകാരം ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ 500 ആയി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ആദ്യത്തെ സഭയില്‍ 1952 ല്‍ 497 അംഗങ്ങള്‍ ഉണ്ടായിരുന്നു. 1952 ന് ശേഷവും വിവിധ ഡീലിമിറ്റേഷന്‍ നടപടികളും സംസ്ഥാനങ്ങളുടെ പുന:സംഘടനയും കാരണം ലോക്‌സഭയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിലും മൊത്തം ശക്തിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

   ഉദാഹരണത്തിന്, ആര്‍ട്ടിക്കിള്‍ 81 പറയുന്നത് സംസ്ഥാനങ്ങളെ വിഭജിക്കുകയോ ഗ്രൂപ്പുചെയ്യുകയോ അല്ലെങ്കില്‍ നിയോജകമണ്ഡലങ്ങളായി രൂപീകരിക്കുകയോ ചെയ്യുന്നത് ഓരോ 750,000 ജനസംഖ്യയ്ക്കും ഒരു അംഗമെങ്കിലും എന്ന നിലയില്‍ ആയിരിക്കണമെന്നും ഓരോ 500,000 ജനസംഖ്യയിലും ഒന്നില്‍ കൂടുതല്‍ അംഗങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നുമാണ്. എന്നാല്‍ 1951 ലെ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം ഈ കണക്കുകളെ യഥാക്രമം 850,000, 650,000 എന്നിങ്ങനെ മാറ്റി.

   1956 ലെ ഏഴാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ, സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്ക് ശേഷം ആര്‍ട്ടിക്കിള്‍ 81 പുന:സംഘടിപ്പിക്കുകയും ഇത് രാജ്യത്തെ 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും ആയി വിഭജിച്ചു. 1973 ലെ ഭരണഘടനയുടെ 31-ാം ഭേദഗതിയിലൂടെ, ലോക്‌സഭയിലെ സീറ്റുകള്‍ 500 ല്‍ നിന്ന് 525 ആയി ഉയര്‍ത്തി.

   വിവിധ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകളുടെ വിഹിതം കാലാകാലങ്ങളില്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപപ്പെടുന്നതോടെ മാറി. 1976ലും 2001ലും ഭേദഗതികള്‍ നടപ്പിലാക്കിയതോടെ ലോക്‌സഭയുടെ ഘടനയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. ഉദാഹരണത്തിന്, ഉത്തരാഖണ്ഡ് പോലെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍.

   പ്രാതിനിധ്യം
   2031 ആകുമ്പോഴേക്കും സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റ് സീറ്റുകള്‍ അനുവദിച്ചിട്ടുള്ള ജനസംഖ്യാ കണക്കുകള്‍ ആറ് പതിറ്റാണ്ട് പഴക്കമുള്ളതായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, 2001 ലെ സെന്‍സസ് അനുസരിച്ച്, ഉത്തര്‍പ്രദേശിന് 7 സീറ്റുകള്‍ കൂടി അനുവദിക്കേണ്ടതായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ 7 ലോക്സഭാ സീറ്റുകള്‍ കുറയ്ക്കണം. രാഷ്ട്രീയ ശക്തിയില്‍ വരെ 'ഗണ്യമായ മാറ്റം' വരുത്താന്‍ ഈ പുന:ക്രമീകരണത്തിന് കഴിയുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഖ്യകള്‍ കണക്കിലെടുക്കുകയാണെങ്കില്‍, നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയ്ക്ക് 22 സീറ്റുകള്‍ കൂടി അനുവദിക്കണം. ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നീ നാല് തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തത്തില്‍ 17 സീറ്റുകള്‍ നഷ്ടമാകും.

   ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് മുന്‍കാലങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വലിയ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംപിമാര്‍ക്ക് ആശ്വാസമാകുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2019 ഡിസംബറില്‍, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ലോക്സഭാ സീറ്റുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തണമെന്നും രാജ്യസഭയുടെ ശക്തി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ''ആനുപാതികമല്ലാത്ത വലിയ അളവിലുള്ള'' വോട്ടര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു.

   1971ലെ സെന്‍സസിനു ശേഷമുള്ള ജനസംഖ്യാ വര്‍ദ്ധനവും മുഖര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 16 ലക്ഷത്തിലധികം ആയി ഉയര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
   Published by:Karthika M
   First published:
   )}