ബെംഗളൂരു: കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ കർണാടക ഗ്രാമവികസന - പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ (Minister Eshwarappa) രാജി സമർപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ (Basavaraj Bommai) വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ വ്യാഴാഴ്ച പൊലീസ് കേസെടുത്തതിന് പിന്നാലെ ഈശ്വരപ്പ രാജി പ്രഖ്യാപിച്ചിരുന്നു.
സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐപിസി 306 വകുപ്പ്) ചുമത്തിയാണ് മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവർക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കരാർ പ്രവൃത്തിക്ക് 40 ശതമാനം കമ്മീഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി പരാതി ഉന്നയിച്ച സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു. ബെളഗാവി ഹിന്ദളഗ ഗ്രാമത്തിൽ പൂർത്തിയാക്കിയ കരാർ പ്രവൃത്തിയുടെ തുക 40 ശതമാനം കമ്മീഷൻ നൽകാത്തതിന്റെ പേരിൽ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
Also Read-
K S Eshwarappa | കരാറുകാരന്റെ ആത്മഹത്യ ; കേസിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കെ.എസ് ഈശ്വരപ്പ
ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണർ തവർചന്ദ് ഗഹ്ലോട്ടിനെ കണ്ടിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും അരങ്ങേറിയിരുന്നു.
ഈശ്വരപ്പക്കെതിരായ അഴിമതി ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ് എന്നിവർക്ക് സന്തോഷ് കത്തെഴുതിയിരുന്നു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി ഗിരിരാജ് സിങ് കർണാടക സർക്കാറിന് കത്തുനൽകിയെങ്കിലും അത്തരമൊരു കരാർ ഏൽപിച്ചിട്ടില്ലെന്നായിരുന്നു ഈശ്വരപ്പയുടെ വകുപ്പ് നൽകിയ മറുപടി.
എന്നാൽ, ഈശ്വരപ്പ നൽകിയ ഉറപ്പിലാണ് ഹിന്ദളഗ ഗ്രാമത്തിൽ 108 പ്രവൃത്തികൾ താൻ പൂർത്തിയാക്കിയതെന്നും എന്നാൽ, കരാർ സംബന്ധിച്ച ഉത്തരവ് കൈമാറുകയോ പണം നൽകുകയോ ചെയ്യാത്തതിനാൽ താൻ കടക്കെണിയിലായെന്നുമാണ് സന്തോഷ് കത്തിൽ സൂചിപ്പിച്ചിരുന്നത്.
പ്രശ്നത്തിന് പരിഹാരം കാണാത്തപക്ഷം ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈശ്വരപ്പയെ 80 തവണ സന്തോഷ് കണ്ടെന്നും മറ്റു പല ബിജെപി നേതാക്കളെയും സമീപിച്ചിരുന്നതായും സന്തോഷിന്റെ ബന്ധുക്കൾ പറയുന്നു.
English Summary: Karnataka minister KS Eshwarappa resigned from the state cabinet on Friday amid opposition pressure over being booked in a case of abetment to suicide following the death of a 37-year-old civil contractor who had accused him of corruption.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.