നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തെ ചൊല്ലി വിവാദം; സർക്കാറും ബിജെപിയും നേർക്കുനേർ

  തമിഴ്നാട്ടില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തെ ചൊല്ലി വിവാദം; സർക്കാറും ബിജെപിയും നേർക്കുനേർ

  തമിഴ്നാട്ടിൽ കോവിഡ് മഹാമാരിയെ തുടർന്ന് പൊതുസ്ഥലങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ നിരോധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വലതുപക്ഷ സംഘടനകൾ രംഗത്തെത്തി

  • Share this:
   തമിഴ്നാട്ടിൽ കോവിഡ് മഹാമാരിയെ തുടർന്ന് പൊതുസ്ഥലങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ നിരോധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വലതുപക്ഷ സംഘടനകൾ രംഗത്തെത്തി. ചൊവ്വാഴ്ച സംസ്ഥാനത്തെ ബിജെപി നിയമസഭാ പാർട്ടി നേതാവ് നൈനാർ നാഗേന്ദ്രൻ ആഘോഷങ്ങൾ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും കോവിഡ് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മറുപടി. സെപ്തംബർ 30 വരെ ആളുകൾ കൂട്ടംകൂടുന്നത് തടയണമെന്ന് കേന്ദ്രത്തിൽ നിന്ന് നിർദ്ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 10 നാണ് വിനായക ചതുർത്ഥി ആഘോഷിക്കുക.

   കേരള സർക്കാർ ഓണം ബക്രീദ് ആഘോഷങ്ങൾക്കായി അനുമതി നൽകിയതിനെ തുടർന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ കൂടിയിരുന്നുവെന്ന് സ്റ്റാലിൻ പറയുന്നു. തമിഴ്നാട്ടിൽ കോവിഡ് പൂർണായും അപ്രത്യക്ഷമായിട്ടില്ലെന്നും ആളുകളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് സെപ്തംബർ 15 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എംഎൽഎക്ക് പുറമെ സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടത്തുന്ന മുഴുവൻ ഹിന്ദുത്വ നേതാക്കൾക്കും മറുപടിയായിട്ടാണ് സ്റ്റാലിന്റെ പ്രസ്താവന കരുതപ്പെടുന്നത്.

   തിങ്കളാഴ്ച തമിഴ്നാട് ബിജെപി പ്രസിഡണ്ട് അണ്ണാമലയും ഡിഎംകെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മറ്റു വിഭാഗത്തെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ ഹിന്ദു ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “പോണ്ടിച്ചേരി, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ വിനായക ചതുർത്ഥി ആഘോഷങ്ങൾ അനുമതി നൽകുന്പോൾ തമിഴ്നാട്ടിൽ മാത്രം അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? മറ്റു മതക്കാരുടെ പിന്തുണ ലഭിക്കാനും ഹിന്ദു മതവിശ്വാസങ്ങൾക്ക് കോട്ടം വരുത്താനുമാണോ സർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്?” അദ്ദേഹം ചോദിക്കുന്നു.

   വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി വീടുകള്ക്ക് മുന്പിൽ ഒരു ലക്ഷം വിനായക പ്രതിമകൾ തയ്യാറാക്കാൻ ബിജെപി പദ്ധതിയുണ്ടെന്നും അണ്ണാമല കൂട്ടിച്ചേർത്തു. കൂടാതെ, പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും മുഖ്യമന്ത്രിക്ക് വിനായക ചതുർത്ഥി ദിനത്തിന്റെ ഗ്രീറ്റിംഗ് കാർഡുകൾ അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു മതങ്ങളുടെ ആഘോഷങ്ങൾക്ക് സ്റ്റാലിൻ വളരെ പെട്ടെന്ന് തന്നെ ആശംസകൾ അറിയിക്കാറുണ്ടെന്നും അണ്ണാമല ആരോപിച്ചു.

   എന്നാൽ, തമിഴ്നാടിലെ ഹിന്ദു മതകാര്യ വകുപ്പ് മന്ത്രി പികെ സേകർ ബാബു ദൈവത്തിൽ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് അണ്ണാമലയോട് ആവശ്യപ്പെട്ടു. മഹാമാരി കാരണമാണ് പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചതെന്നും പ്രത്യേക സാഹചര്യമായത് കൊണ്ട് വീട്ടിൽ വെച്ച് പൂജ നടത്തിയാലും ഗണേഷ ദൈവം ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റി തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
   Published by:Karthika M
   First published:
   )}