• HOME
 • »
 • NEWS
 • »
 • india
 • »
 • Policeman | വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്ക് രക്ഷകനായി; ഒടുവിൽ ഒഴുക്കില്‍പ്പെട്ട് മരിച്ച് മുൻ പോലീസ് ഉദ്യോ​ഗസ്ഥൻ

Policeman | വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്ക് രക്ഷകനായി; ഒടുവിൽ ഒഴുക്കില്‍പ്പെട്ട് മരിച്ച് മുൻ പോലീസ് ഉദ്യോ​ഗസ്ഥൻ

തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്

 • Last Updated :
 • Share this:
  അമര്‍നാഥ് (Amarnath) വെള്ളപ്പൊക്കത്തില്‍പ്പെട്ട (flood) നിരവധിപ്പേരുടെ ജീവന്‍ രക്ഷിച്ച മുന്‍ പൊലീസ് (police) ഉദ്യോഗസ്ഥനായ സുശീല്‍ ഖത്രി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കന്‍ കശ്മീരിലെ (Kashmir) അമര്‍നാഥ് ഗുഹാക്ഷേത്രത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ (Rajastan) ബിക്കാനീര്‍ സ്വദേശിയാണ് സുശീല്‍ ഖത്രി. ശ്രീ ഗംഗാനഗര്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്റെ മുന്‍ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.

  അമര്‍നാഥ് ദുരന്തത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുശീല്‍ ഖത്രിയുടെ ബന്ധുവായ സുനിത വാദ്വയും ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു. ജൂലൈ 3ന് ശ്രീഗംഗാനഗറില്‍ നിന്ന് പുറപ്പെട്ട 17 ഭക്തരില്‍ ഖത്രിയും ഉണ്ടായിരുന്നു. ദുരന്തം നടക്കുന്നതിന് 9 ദിവസം മുന്‍പാണ് ഖത്രി ജോലിയില്‍ നിന്ന് വിരമിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം അവധി ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു ഖത്രി.

  അമര്‍നാഥ് ഗുഹയുടെ സമീപത്തായി ഒരു കൂടാരത്തിലായിരുന്നു 61 കാരനായ ഖത്രി താമസിച്ചിരുന്നത്. വൈകുന്നേരത്തോടെ വെള്ളം കുത്തിയൊഴുതി കൂടാരങ്ങള്‍ ഒലിച്ചു പോയി. ഖത്രി, അദ്ദേഹത്തിന്റെ ബന്ധു സുനിത, അവരുടെ ഭര്‍ത്താവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രളയ സ്ഥലത്ത് ഉണ്ടായിരുന്നു. ഒഴുക്കില്‍ പെടുന്നതിന് മുന്‍പ് ഖത്രി നിരവധിപ്പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. ശ്രീ ഗംഗാനഗര്‍ അമര്‍നാഥ് ലംഗാര്‍ സേവാ സമിതി പ്രസിഡന്റ് നവനീത് ശര്‍മ്മ ഖത്രിയുടെ മരണം സ്ഥിരീകരിച്ചു.

  വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് അപകടം നടന്നത്. പെട്ടെന്നുള്ള പേമാരിയില്‍ ഗുഹാമുഖത്തിന് മുകളില്‍നിന്നും വശങ്ങളില്‍നിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചു പോയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ താത്കാലിക വിശ്രമകേന്ദ്രങ്ങളും മറ്റും പുനഃസ്ഥാപിക്കുമെന്നും തീര്‍ഥാടനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

  മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ത്ഥടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു.

  ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

  പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ വിളിച്ച് സ്ഥിതിഗതികളാരാഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സേനാവിഭാഗങ്ങളോട് നിര്‍ദേശിച്ചു.

  അതേസമയം, കേരളത്തിലും മഴ കനക്കുകയാണ്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 09-07-2022 മുതല്‍ 13-07-2022 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 10-07-2022 ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.
  Published by:user_57
  First published: