• HOME
  • »
  • NEWS
  • »
  • india
  • »
  • മാസ്ക് ശരിയായി ധരിക്കാത്തതിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്

മാസ്ക് ശരിയായി ധരിക്കാത്തതിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്

പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇത്തരമൊരു അതിക്രമം അരങ്ങേറിയിട്ടും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും ആക്ഷേപമുണ്ട്

Video grab

Video grab

  • Share this:
    ഭോപ്പാൽ: മാസ്ക് ശരിയായി ധരിക്കാത്തത് ചോദ്യം ചെയ്ത് യുവാവിന് പൊലീസിന്‍റെ ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഈ അതിക്രമത്തിന്‍റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ തല്ലിച്ചതയ്ക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

    ഇൻഡോർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ക്യഷ്ണ കിയർ എന്ന മുപ്പത്തിയഞ്ചുകാരനാണ് മർദ്ദനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ ഉള്‍പ്പെട്ട പൊലീസുകാരായ കമൽ പ്രജാപത്, ധര്‍മ്മേന്ദ്ര ജാട്ട് എന്നിവരെ സസ്പെൻഡ് ചെയ്തതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ പൊലീസുകാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും വിമർശനമുണ്ട്. യുവാവിനെ ഇവർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് നടപടിയുണ്ടായതെന്നാണ് പറയപ്പെടുന്നത്.

    Also Read-Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

    റിപ്പോർട്ടുകൾ അനുസരിച്ച് സുഖമില്ലാതെ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാൻ പോകുന്ന വഴിയാണ് കൃഷ്ണയെ പൊലീസ് തടഞ്ഞത്. മാസ്ക് ധരിച്ചിരുന്നുവെങ്കിലും അത് മൂക്കിൽ നിന്നും താഴ്ന്നാണ് കിടന്നിരുന്നത്. ഇത് കണ്ട് റോഡിൽ തടഞ്ഞ പൊലീസുകാർ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതിന് കൃഷ്ണ തയ്യാറാകാതെ വന്നതോടെയാണ് പൊലീസുകാർ ഇയാളെ മർദ്ദിക്കാൻ തുടങ്ങിയത്.

    സംഭവം മുഴുവൻ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. യാതൊരു ദയയുമില്ലാതെ പൊലീസുകാർ കൃഷ്ണയെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന ചെറിയ മകൻ സഹായത്തിനായി കരഞ്ഞ് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

    പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇത്തരമൊരു അതിക്രമം അരങ്ങേറിയിട്ടും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും ആക്ഷേപമുണ്ട്. വഴിയാത്രക്കാരെല്ലാം തന്നെ നിന്ന് ചിത്രങ്ങൾ പകര്‍ത്തി പോയതല്ലാതെ യുവാവിനെ സഹായിക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം.



    കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാസ്ക് നിർബന്ധമാക്കിയതോടെ അതിന്‍റെ പേരിൽ പല അതിക്രമങ്ങളും അരങ്ങേറുന്നുണ്ട്. മാസ്ക് ധരിക്കാത്തതിനോ മാസ്ക് ശരിയായ ധരിക്കാത്തതിന്‍റെ പേരിലോ പല അക്രമസംഭവങ്ങളും നേരത്തേയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

    ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 115,736 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,92,135 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
    Published by:Asha Sulfiker
    First published: