• HOME
  • »
  • NEWS
  • »
  • india
  • »
  • അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കില്ല; യുപിയിലെ 'കൊറോണ മാതാ' ക്ഷേത്രം അധികൃതർ പൊളിച്ചു

അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കില്ല; യുപിയിലെ 'കൊറോണ മാതാ' ക്ഷേത്രം അധികൃതർ പൊളിച്ചു

'വൈറസിനെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ ആചാരങ്ങൾ വൈറസിനെ തുരത്താൻ സഹായിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്'

Corona Mata Temple

Corona Mata Temple

  • Share this:
    ലക്നൗ: യുപിയിലെ 'കൊറോണ മാതാ'ക്ഷേത്രം അധികൃതർ പൊളിച്ചു. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത നേതൃത്വത്തിലാണ് ക്ഷേത്രം പൊളിച്ചു നീക്കിയത്. സംസ്ഥാനത്തെ പ്രതാപ്ഗഡ് ജൂഹി ശുക്ലപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്കിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

    ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗ്രാമത്തിൽ കൊറോണയുടെ പേരിൽ ക്ഷേത്രം ഉയർന്നത്. 'കൊറോണ മാത'യുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഗ്രാമത്തിൽ മഹാമാരിയുടെ നിഴൽ പോലും വീഴില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികൾ നിന്നു തന്നെ സംഭാവനയായി സ്വീകരിച്ച പണം കൊണ്ടാണ് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചത്.



    ദിവസം തോറും നൂറുകണക്കിന ആളുകൾ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വിശ്വാസികൾ എത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ 'കൊറോണ മാത'പ്രതിഷ്ഠയും മാസ്ക് ധരിച്ചിട്ടുണ്ട്.

    Also Read-കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം 'കാന്തിക ശക്തി' ലഭിച്ചു; അവകാശവാദവുമായി 70കാരൻ

    നാഗേഷ് കുമാർ ശ്രീവാസ്തവ എന്ന ഗ്രാമീണൻ സംഗീപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷയെ തുടർന്നാണ് ക്ഷേത്രം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് പ്രയാഗ് രാജ് ഐജി കെ.പി.സിംഗ് അറിയിച്ചത്. ഗാസിയബാദിൽ നിന്നും മടങ്ങിയെത്തിയ തന്‍റെ സഹോദരൻ ലോകേഷ് കുമാർ ആണ് കൊറോണ മാതാ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഇയാൾ അപേക്ഷയിൽ അവകാശപ്പെട്ടത്. കുടുംബവുമായി ആലോചിക്കാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു.

    ക്ഷേത്രം സ്ഥാപിച്ചതിന് പിന്നാലെ തന്നെ ആളുകൾ കൂട്ടമായി ഇവിടേക്കെത്തി തുടങ്ങി. ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിയതോടെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. 'വൈറസിനെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ ആചാരങ്ങൾ വൈറസിനെ തുരത്താൻ സഹായിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്'. ഐജി അറിയിച്ചു.
    Published by:Asha Sulfiker
    First published: