• HOME
  • »
  • NEWS
  • »
  • india
  • »
  • Diwali | ദീപാവലിക്കൊരുങ്ങി നാടും ന​ഗരവും; പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഉള്ള സംസ്ഥാനങ്ങൾ

Diwali | ദീപാവലിക്കൊരുങ്ങി നാടും ന​ഗരവും; പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഉള്ള സംസ്ഥാനങ്ങൾ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രം ഉപയോഗിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

  • Share this:
    ദീപാവലിക്ക് (Diwali) ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി പടക്കം (crackers) പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി (Delhi) പോലുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സഹാചര്യം കണക്കിലെടുത്ത്‌ ഡല്‍ഹി ഈ വര്‍ഷം പടക്കങ്ങളുടെ വില്‍പനയ്ക്കും ഉപയോഗത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രം ഉപയോഗിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

    ഈ സാഹര്യത്തില്‍ ഏതൊക്കെ സംസ്ഥാനങ്ങളാണ് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് നോക്കാം.

    ഡല്‍ഹി

    സംസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും ഉത്പാദനം, സംഭരണം, വിതരണം, വാങ്ങല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. 2023 ജനുവരി 1 വരെ ഓണ്‍ലൈന്‍ പടക്കം വില്‍പ്പനയും വിതരണവും നിരോധിക്കുന്നതായി ഈ വര്‍ഷം ആദ്യം അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനം, സംഭരണം, വില്‍പന, ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിക്കുന്നതിലൂടെ മലിനീകരണത്തില്‍ നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ സാധിക്കും എന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞിരുന്നു. പടക്കങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിരോധനം സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ഈ നിരോധനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

    പശ്ചിമ ബംഗാള്‍

    പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ 24ന് നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും മാത്രമേ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ക്യുആര്‍ കോഡുകളുള്ള ഹരിത പടക്കങ്ങള്‍ മാത്രമേ ബംഗാളില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഉത്സവ സീസണില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ പൊട്ടിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും (പിസിബി) പോലീസ് അധികാരികളോടും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, അപൂര്‍ബ സിന്‍ഹ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    തമിഴ്‌നാട്

    ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് മലിനീകരണം കുറഞ്ഞതും ശബ്ദം കുറവുള്ളതുമായ പടക്കങ്ങള്‍ പൊട്ടിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ദീപാവലി ദിനത്തില്‍, ആളുകള്‍ക്ക് രാവിലെ 6 മുതല്‍ 7 വരെയും, വൈകുന്നേരം 7 മുതല്‍ 8 വരെയും എന്നീ രണ്ട് സമയങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് ചെന്നൈ പോലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    125 ഡെസിബെലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ നിര്‍മ്മിക്കാനോ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ല. ഇതിന് പുറമെ, ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. വീടുകള്‍ക്കും ബഹുനില ഫ്‌ളാറ്റുകള്‍ക്കും സമീപം റോക്കറ്റ് പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

    പഞ്ചാബ്

    പഞ്ചാബില്‍ ദീപാവലി ദിനത്തില്‍ രാത്രി 8 മുതല്‍ 10 വരെ ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് പടക്കങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന, പടക്കങ്ങളുടെ ഒരുമിച്ചുള്ള ഉപയോഗം എന്നിവ നിരോധിച്ചുണ്ടെന്നും ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍പ്പനയ്ക്ക് അനുവദിക്കൂ എന്നും പഞ്ചാബ് പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹയര്‍ പറഞ്ഞു.

    ദീപാവലിക്ക് പുറമെ, ഗുരുനാനാക്ക് ദേവിന്റെ ജന്മദിനമായി ആഘോഷിക്കുന്ന 'പ്രകാശ് പൂരബ്' ദിനമായ നവംബര്‍ 8 ന് പുലര്‍ച്ചെ 4 മുതല്‍ 5 വരെയും രാത്രി 9 മുതല്‍ രാത്രി 10 വരെയും പടക്കം പൊട്ടിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ക്രിസ്മസ്, പുതുവത്സര തലേന്ന് എന്നീ ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ 35 മിനിറ്റ് വീതമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

    ഹരിയാന

    ഹരിയാനയില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ നിര്‍മ്മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും അനുമതിയുള്ളൂവെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍ജിടി) ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും (എച്ച്എസ്പിസിബി) ഉത്തരവുകള്‍ ഉദ്ധരിച്ച് ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു. മറ്റ് പടക്കങ്ങളുടെ നിര്‍മ്മാണത്തിനും വില്‍പനയ്ക്കും ഉപയോഗത്തിനും സംസ്ഥാനത്ത് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് യാദവ് പറഞ്ഞു.

    ചണ്ഡീഗഡ്

    ചണ്ഡീഗഡില്‍ ദീപാവലിക്ക് രാത്രി 8 മുതല്‍ 10 വരെ ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്. സിറ്റി ബ്യൂട്ടിഫുളിലെ നിവാസികള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് ഹരിത പടക്കം പൊട്ടിക്കാന്‍ അനുവദിക്കുമെന്ന് യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേറ്റര്‍ ബന്‍വാരിലാല്‍ പുരോഹിത് പറഞ്ഞു. ഗുര്‍പുരാബിലെ താമസക്കാര്‍ക്ക് പുലര്‍ച്ചെ 4 മുതല്‍ 5 വരെയും രാത്രി 9 മുതല്‍ 10 വരെയും പടക്കം പൊട്ടിക്കാം.

    Also read : ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് മുസ്ലീം യുവാവ്

    ഒഡീഷ

    2020-ല്‍ ഒഡീഷയില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. അന്നത്തെ ഉത്തരവില്‍ അടുത്ത വര്‍ഷം ദീപാവലി ദിനത്തില്‍ ഹരിത പടക്കങ്ങള്‍ രണ്ട് മണിക്കൂര്‍ മാത്രം പൊട്ടിക്കാന്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം, പടക്കം വില്‍പനയിലും ഉപയോഗത്തിലും സംസ്ഥാനത്ത് ഇതുവരെ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, പടക്കം വില്‍ക്കാന്‍, വിൽപനക്കാർ ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങണമെന്നാണ് ലിംഗ ടിവിയുടെ റിപ്പോര്‍ട്ട് പറയുന്നത്.

    രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. പേരുപോലെ തന്നെ ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി (Deepawali) എന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദിവാലി (Diwali) എന്ന പേരിലും ആഘോഷിക്കുന്നു. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നുവെന്നതാണ് പ്രത്യേകത. ദീപാവലിയുമാമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.
    Published by:Amal Surendran
    First published: