കൊവിഡ് നഷ്ടപരിഹാരം (Covid-19 compensation) അനര്‍ഹര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നതില്‍ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി (Supreme Court of India) ഇന്ന് ഉത്തരവിറക്കും.കേരളം, ഗുജറാത്ത്,മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം.
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി നഷ്ടപരിഹാരം കൈപ്പറ്റിയോയെന്നതില്‍ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. കോടതി ഉത്തരവ് അട്ടിമറിക്കപ്പെടരുതെന്നും യഥാര്‍ഥ ഗുണഭോക്താവിന് നഷ്ടപരിഹാരം കിട്ടാതെ പോകരുതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ വർഷം ജൂണിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക അറിയിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരം പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇതിന്റെ തുടർച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
പശ്ചിമ ബംഗാളിലെ ബീർഭൂമിൽ രാഷ്ട്രിയ കലാപം; തീവെപ്പിൽ 8 പേർ വെന്തുമരിച്ചു
ബീർഭൂം: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ (Birbhum) രാഷ്ട്രിയ കലാപം. തീവെപ്പിൽ എട്ട് പേർ വെന്തുമരിച്ചു. തൃണമൂൽ (Trinamool Congress)പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറേയും എസ്.ഡി.പി.ഒയെയും സസ്‌പെൻഡ് ചെയ്തു.
പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് കലാപമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ബാദു ഷെയ്ക്കിനെ അജ്ഞാത സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തെ തുടർന്ന് ടി.എം.സി പ്രവർത്തകർ വിടുകൾക്ക് തീവെച്ചതായാണ് ആരോപണം. ഇരുപതോളം വീടുകൾക്കാണ് തീയിട്ടത്.
താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയതെന്നാണ് വിവരം. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയെ അക്രമികൾ വഴിയിൽ തടഞ്ഞു. തൃണമൂൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. എന്നാൽ അക്രമ സംഭവങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ടി.എം.സി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചു.
തീപിടുത്തമുണ്ടായി ആളുകൾ കൊല്ലപ്പെട്ടത് വേദനിപ്പിക്കുന്ന സംഭവമാണ്. എന്നാൽ ഈ സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ല. പ്രാദേശിക ഗ്രാമ തർക്കമാണ് അപകടത്തിന് കാരണം. കൊല്ലപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ചീഫ് അറിയപ്പെടുന്ന ആളാണ്, അദ്ദേഹത്തിന്റെ മരണം ഗ്രാമവാസികളെ ചൊടിപ്പിച്ചത് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. രാത്രിയിലാണ് തീപിടിത്തമുണ്ടായത്, എന്നാൽ പോലീസും അഗ്നിശമന സേനയും ഉടൻ നടപടി സ്വീകരിച്ചു. കുനാൽ ഘോഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Compensation, Covid 19