• HOME
 • »
 • NEWS
 • »
 • india
 • »
 • UGC | കോവിഡ് കുറയുന്നു; സർവകലാശാലകളും കോളേജുകളും സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് യു.ജി.സി

UGC | കോവിഡ് കുറയുന്നു; സർവകലാശാലകളും കോളേജുകളും സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് യു.ജി.സി

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയും സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ യുജിസി നിര്‍ദേശം നല്‍കി.  ക്ലാസുകള്‍ സാധാരണ നിലയിലേക്ക് മാറ്റാനും അധ്യയനം തടസ്സമില്ലാതെ നടക്കണമെന്നും നിര്‍ദേശമുണ്ട്.  രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയും സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കോവിഡ് നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുജിസി സെക്രട്ടറി രജനീഷ് ജെയിന്‍ അയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാഹചര്യം അനുസരിച്ച് ഓണ്‍ലൈന്‍ രീതിയും ഉള്‍പ്പെടുന്ന ഹൈബ്രിഡ് രീതി ക്ലാസുകള്‍ക്കും പരീക്ഷ നടത്താനും പരിഗണിക്കാമെന്നും കത്തില്‍ പറയുന്നു.

   സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം


  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും (School Opening). സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു.

  ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്. പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

  ഫെബ്രുവരി 14 മുതൽ 1 മുതൽ 9 വരെ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസിയിൽ ഏതാണ്ട് 90 ശതമാനവും ഹയർ സെക്കൻഡറിയിൽ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ കഴിഞ്ഞ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

  സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബിആർസി റിസോഴ്സ് അധ്യാപകരുടെയും എസ്എസ്‍കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.

  അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസ്സപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വയ്ക്കാം. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. സാധാരണ രീതിക്കൊപ്പംതന്നെ ഓൺലൈൻ ക്ലാസുകളും ഉണ്ടാകും.

  തിങ്കളാഴ്ച മുതല്‍ അങ്കണവാടികളും തുറക്കും

  സംസ്ഥാനത്തെ അങ്കണവാടികള്‍ ഈ മാസം 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ സാധാരണ രീതിയിൽ പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു.

  അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്നു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
  Published by:Arun krishna
  First published: