Kanhaiya Kumar| സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയെ ഉടൻ കാണുമെന്ന് റിപ്പോർട്ട്
Kanhaiya Kumar| സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയെ ഉടൻ കാണുമെന്ന് റിപ്പോർട്ട്
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഒരു പുതിയ രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിക്കാൻ കനയ്യ ഒരുങ്ങുന്നതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ന്യൂഡല്‍ഹി: സിപിഐ നേതാവും ജെ ൻയു മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസിൽ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. കനയ്യ കുമാര്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എൻ ഐ റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഒരു പുതിയ രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിക്കാൻ കനയ്യ ഒരുങ്ങുന്നതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് പാർട്ടിയുടെ ഉന്നതതലത്തിൽ ഗൗരവമായ പരിഗണനയിലാണെന്നും എന്നാൽ എങ്ങനെ, എപ്പോൾ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു ഉന്നത കോൺഗ്രസ് വൃത്തം പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ജനങ്ങളെ ആകർഷിക്കാൻ പറ്റിയ വലിയ മുഖങ്ങളില്ലാതെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ ഈ ചർച്ച സുപ്രധാനമാണ്. കനയ്യ യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യനായ നേതാവാണ്. എന്നാൽ ഇത് സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ എങ്ങനെ കാണുമെന്നത് കോൺഗ്രസിന് പരിഗണിക്കേണ്ടതുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് വേളയിലേ ചർച്ചകൾ ആരംഭിച്ചതായി ചില മുതിർന്ന നേതാക്കൾ വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ഫലവത്തായില്ല. ഇപ്പോൾ യുവ നേതാവുമായി മറ്റൊരു റൗണ്ട് ചർച്ച ആരംഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇക്കാര്യം കനയ്യ തന്നെ നിഷേധിച്ചിരുന്നു. ഇത്തരം വാര്‍ത്തകളില്‍ യാതൊരു യാഥാർത്ഥ്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി. കനയ്യ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന ആഭ്യൂഹം നേരത്തെയും പലവട്ടം ഉയർന്നിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.