• HOME
  • »
  • NEWS
  • »
  • india
  • »
  • Marriage Age 21 | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ സിപിഎമ്മും മുസ്ലീം ലീഗും

Marriage Age 21 | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ സിപിഎമ്മും മുസ്ലീം ലീഗും

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള (Women Marriage Age 21) കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഎമ്മും മുസ്ലീം ലീഗും രംഗത്ത്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി.

    പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പ്രതികരിച്ചു. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.



    വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

    വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. മുസ്ലിം വ്യക്തിനിയമത്തിലുളള കടന്നുകയറ്റമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. ഏകീകൃത സിവില്‍ നിയമത്തിലേക്ക് നയിക്കാനുള്ള നീക്കം എന്നാണ് ലീഗ് ഇതിനെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

    വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപി മാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

    മുസ്ലിം ലീഗ് ലോക്‌സഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലും പി. വി. അബ്ദുല്‍ വഹാബ് രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്ന കാര്യങ്ങളാണ്. അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റേത്  ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഏക സിവില്‍ കോടിലേക്ക് കൊണ്ടു പോകാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നും എം പി മാര്‍ ആരോപിക്കുന്നു.

    Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി
    Published by:Karthika M
    First published: