• HOME
 • »
 • NEWS
 • »
 • india
 • »
 • മമതയെ പുകഴ്ത്തി; മുതിര്‍ന്ന സിപിഎം നേതാവിന്റെ മകൾക്കെതിരെ സിപിഎം ബംഗാൾ ഘടകം നടപടിക്ക്

മമതയെ പുകഴ്ത്തി; മുതിര്‍ന്ന സിപിഎം നേതാവിന്റെ മകൾക്കെതിരെ സിപിഎം ബംഗാൾ ഘടകം നടപടിക്ക്

സി.പി.എം മുന്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകള്‍ കൂടിയായ അജന്ത ബിശ്വാസിനെതിരെയാണ് നടപടി.

മമത ബാനർജി

മമത ബാനർജി

 • Share this:
  തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനപ്പത്രമായ ജാഗോ ബംഗ്ലയില്‍ സ്ത്രീ ശാക്തീകരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ പാര്‍ട്ടിയംഗത്തിനെതിരേ സിപിഎമ്മിന്റെ ബംഗാള്‍ ഘടകം നടപടിക്ക്.

  സിപിഎം മുന്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകള്‍ കൂടിയായ അജന്ത ബിശ്വാസിനെതിരെയാണ് നടപടി.

  തൃണമൂലിന്റെ ദിനപത്രമായ ജാഗോ ബംഗ്ല ശനിയാഴ്ച പ്രസിദ്ധീകരിച്ച വിവാദലേഖനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന നേതാവായി ചിത്രീകരിക്കുന്ന അജന്ത, താഴെത്തട്ടിലുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നടത്തിയതായും പറയുന്നു.

  സിപിഎം അംഗമായ അജന്ത ബിശ്വാസില്‍ നിന്ന് പാര്‍ട്ടി, ഈ ലേഖനം എഴുതിയതിന് ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബംഗാള്‍ രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അജന്ത ബിശ്വാസിന്റെ നാല് ഭാഗങ്ങളുള്ള ലേഖന പരമ്പര ജാഗോ ബംഗ്ല പ്രസിദ്ധീകരിച്ചത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ് അജന്ത ബിശ്വാസ്.

  സി.പി.എമ്മിന്റെ പ്രമുഖ നേതാവായിരുന്ന പിതാവ് അനില്‍ ബിശ്വാസ് 2006ല്‍ മരണമടഞ്ഞതിന് ശേഷം അജന്ത രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. മുമ്പ് വിദ്യാഭ്യാസ കാലത്ത് പ്രസിഡന്‍സി കോളേജില്‍ എസ.്എഫ്.ഐയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അജന്ത. ജാഗോ ബംഗ്ലയിലെ തന്റെ ലേഖന പരമ്പരയുടെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ ബസന്തി ദേവി, സരോജിനി നായിഡു, സുനിതി ദേവി തുടങ്ങി സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള പ്രമുഖ വനിതാ നേതാക്കളെക്കുറിച്ചാണ് അജന്ത പ്രതിപാദിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ അവസാനഭാഗം മമത ബാനര്‍ജിയെ മാത്രം പരാമര്‍ശിക്കുന്നതായിരുന്നു.

  ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ ടാറ്റയുടെ കാര്‍ പ്ലാന്റിന് വേണ്ടി കര്‍ഷകഭൂമി പിടിച്ചെടുത്ത സംഭവത്തില്‍ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് 2011-ല്‍ ഇടതുപക്ഷത്തിനെതിരെ അട്ടിമറിവിജയം നേടാന്‍ മമതയെ സഹായിച്ചതെന്നും ലേഖനം സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ 34 വര്‍ഷക്കാലത്തെ ഭരണമാണ് അതോടെ ഇടതുപക്ഷത്തിന് ബംഗാളില്‍ നഷ്ടപ്പെട്ടത്.

  'തൃണമൂലിന്റെ ദിനപത്രത്തിന് വേണ്ടി ലേഖനമെഴുതിയതിനെ സംബന്ധിച്ച് കൊല്‍ക്കത്തയിലെ സിപിഎം പ്രാദേശിക ഘടകം അജന്ത ബിശ്വാസില്‍ നിന്ന് വിശദീകരണം തേടും. ഈ ലേഖന പരമ്പര പാര്‍ട്ടിയ്ക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരാഴ്ചക്കാലമാണ് കാരണം കാണിക്കലിന് അനുവദിക്കാറുള്ളതെങ്കിലും ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കുറഞ്ഞ സമയം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന്' സി.പി.എം കൊല്‍ക്കത്ത ജില്ലാ സെക്രട്ടറി കല്ലോല്‍ മജുംദാര്‍ അറിയിച്ചു. അജന്ത ബിശ്വാസിനെ പ്രതിരോധിച്ചുകൊണ്ട് തൃണമൂല്‍ നേതാക്കളും രംഗത്തെത്തി.
  Published by:Karthika M
  First published: