HOME /NEWS /India / ഫ്ലൈ ഓവർ നിർമാണത്തിൽ 225 കോടിയുടെ അഴിമതി; സിപിഎം കേന്ദ്രകമ്മിറ്റി അംഗം അറസ്റ്റിൽ

ഫ്ലൈ ഓവർ നിർമാണത്തിൽ 225 കോടിയുടെ അഴിമതി; സിപിഎം കേന്ദ്രകമ്മിറ്റി അംഗം അറസ്റ്റിൽ

badal choudhary

badal choudhary

ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

  • Share this:

    അഗർത്തല: ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ട് ത്രിപുരയിലെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദൽ ചൌധരി അറസ്റ്റിലായി. ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ എംഎൽഎയാണ് ബാദൽ ചൌധരി. അതേസമയം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്‍റെ ഭാഗമാണ് കേസെന്നാണ് സിപിഎം ആരോപിക്കുന്നത്.

    2008-09ൽ ഫ്ലൈഓവർ നിർമാണത്തിന് 638 കോടിയുടെ പദ്ധതിക്കുവേണ്ടി 225 കോടി രൂപ അധികമായി ചെലവിട്ടതായാണ് കേസ്. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് അധിക തുക ചെലവഴിച്ചതെന്നാണ് ആരോപണം. ഇതേ കേസിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയർ സുനിൽ ഭൌമിക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിങും കേസിൽ പ്രതിയാണ്.

    വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഫ്ലൈ ഓവർ നിർമാണത്തിൽ ക്രമക്കേട് നടന്നതായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ കഴിഞ്ഞ മാസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

    ഏറെ നാടകീയ സംഭവവികാസങ്ങൾക്കുശേഷമാണ് ബാദലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അഗർത്തല സെഷൻസ് കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബാദലിനെ പാർട്ടി ഓഫീസിൽനിന്ന് കസ്റ്റഡിയിലെടുക്കാൻ ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ടും സംഘവും ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അന്ന് അറസ്റ്റ് തടസപ്പെടുത്തിയതിന് കേന്ദ്രകമ്മിറ്റി അംഗം നാരായൺ കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാദലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പടെ എട്ട് പൊലീസുകാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൃദ്രോഗത്തെ തുടർന്ന് ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    വേട്ടയാടൽ ആണെന്ന് യെച്ചൂരി

    പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ് ബാദൽ ചൌധരിയുടെ അറസ്റ്റ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സംശുദ്ധരാഷ്ട്രീയത്തിന്‍റെ വക്താവാണ് ബാദൽ. ഫ്ലൈഓവർ പദ്ധതിയെക്കുറിച്ച് കൃത്യമായ വിശദീകരണം പൊതുമരാമത്ത് വകുപ്പ് നൽകിയതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ സിഎജി റിപ്പോർട്ടിലെ പരാമർശം നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയെന്നത് ബിജെപി സർക്കാരുകളുടെ രീതിയാണെന്നും യെച്ചൂരി ആരോപിച്ചു.

    First published:

    Tags: Badal choudhary, Corruption case, Cpm cc member arrested, Fly over corruption case, Tripura