• HOME
  • »
  • NEWS
  • »
  • india
  • »
  • Mamata Banerjee | ടാറ്റയെ ബം​ഗാളിൽ നിന്നും ഓടിച്ചത് സിപിഎം; തുറന്നടിച്ച് മമത ബാനര്‍ജി

Mamata Banerjee | ടാറ്റയെ ബം​ഗാളിൽ നിന്നും ഓടിച്ചത് സിപിഎം; തുറന്നടിച്ച് മമത ബാനര്‍ജി

ഞാനല്ല ടാറ്റയെ ഓടിച്ചത്. അത് ചെയ്തത് സിപിഎമ്മാണ്. നിർബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഞങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും കർഷകർക്ക് ഭൂമി തിരികെ നൽകുകയും ചെയ്തു. - മമത ബാനർജി

  • Share this:
    ടാറ്റ മോട്ടോർസ് (Tata Motors) ബംഗാളില്‍ നിന്ന് പുറത്ത് പോയതിന്റെ കാരണക്കാർ സിപിഎം ആണെന്നും തനിക്കോ തന്റെ പാർട്ടിക്കോ അതിൽ പങ്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി (Mamata Banerjee). വടക്കന്‍ ബംഗാളിലെ ഒരു പൊതു യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത.

    ''ഞാനല്ല ടാറ്റയെ ഓടിച്ചത്. അത് ചെയ്തത് സിപിഎമ്മാണ്. നിർബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഞങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും കർഷകർക്ക് ഭൂമി തിരികെ നൽകുകയും ചെയ്തു. വിവിധ പദ്ധതികൾക്കായി ഞങ്ങളും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഒരിക്കലും ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തിട്ടില്ല'', ബുധനാഴ്‌ച കാവഖാലി ഗ്രൗണ്ടിൽ നടന്ന വിജയ സമ്മിലാനി യോ​ഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നാനോ കാർ പ്ലാന്റ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് 2016-ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

    ''ഞങ്ങൾ വ്യവസായികളോട് വിവേചനം കാണിക്കുന്നില്ല. പല വ്യവസായികളും ബംഗാളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. അത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. താജ്പൂർ തുറമുഖം, ദിയോച്ച-പച്ചാമി കൽക്കരി ഖനി തുടങ്ങിയ പല പദ്ധതികളുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്'', മമത ബാനർജി കൂട്ടിച്ചേർത്തു.

    എന്നാൽ മമത പറഞ്ഞതിനോട് സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും യോജിക്കില്ലെന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. ''ദേശീയപാത തടഞ്ഞത് ആരാണെന്നും ടാറ്റ സിംഗൂർ വിട്ടുപോകാൻ ആഗ്രഹിച്ചത് ആരാണെന്നും എല്ലാവരും ഓർക്കുന്നുണ്ട്. മമത ബാനർജി തന്നെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് രത്തൻ ടാറ്റ തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി നുണ പറയുന്നത് അവസാനിപ്പിക്കണം'', സുജൻ ചക്രവർത്തി പറഞ്ഞു.

    മമതയുടെ പ്രസ്താവന ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി പ്രതികരിച്ചു. സമീപകാലത്തുണ്ടായ അഴിമതി ആരോപണങ്ങളിൽ നിന്നും ചർച്ച വഴി തിരിച്ചു വിടാനുള്ള ശ്രമമാണിതെന്നും പാർട്ടി ആരോപിച്ചു.

    Also read : ആരുമറിഞ്ഞില്ല; ബംഗാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അജ്ഞാതൻ നുഴഞ്ഞു കയറി ഒരു രാത്രി താമസിച്ചു

    ''തൃണമൂൽ സർക്കാരിനെതിരെയുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. മുഖ്യമന്ത്രി ഒരുപാട് ആലോചിച്ചു തന്നെയാണ് ഈ പ്രസ്താവന നടത്തിയത്. സിംഗൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ ടാറ്റ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത് അവരുടെ പാർട്ടിയാണെന്ന് പശ്ചിമ ബംഗാളിലെ ആളുകൾ ഇപ്പോഴും ഓർക്കുന്നുണ്ട്'', സംസ്ഥാനത്തെ ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

    Also read : 'മമത വിരൽചൂണ്ടിയത് ഇരയ്ക്ക് നേരെ'; നാദിയ ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ

    2011 ൽ ഇടതുമുന്നണി ഭരിച്ചിരുന്ന സമയത്ത് പശ്ചിമബം​ഗാളിലെ സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. നന്ദിഗ്രാമിലും സമരം നടന്നിരുന്നു. ഈ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 34 വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുമുന്നണി അധികാരത്തിൽ നിന്നും പുറത്ത് പോയത്. ഇതേത്തുടർന്ന് സംസ്ഥാനത്ത് തൃണമൂൽ കോൺ​ഗ്രസ് അധികാരത്തിലെത്തി.
    Published by:Amal Surendran
    First published: