ബംഗാളിൽ അമിത് ഷായുടെ പൊതുയോഗത്തിന് സ്ഥലം നൽകിയത് സിപിഎം നേതാവ്
ബംഗാളിൽ അമിത് ഷായുടെ പൊതുയോഗത്തിന് സ്ഥലം നൽകിയത് സിപിഎം നേതാവ്
ഇടത് പാര്‍ട്ടികളും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടികെട്ടെന്ന് തൃണമൂൽ കോൺഗ്രസ്
അമിത് ഷാ
Last Updated :
Share this:
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പൊതുയോഗം നടത്താന്‍ സ്ഥലം വിട്ടുനൽകിയത് സിപിഎം നേതാവ്. മാല്‍ഡ ജില്ലയില്‍ ചൊവ്വാഴ്ച നടക്കുന്ന പരിപാടിക്കാണ് സിപിഎം നേതാവ് തരുണ്‍ ഘോഷ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്. ബിജെപിയുടെ പൊതുയോഗം നടത്താന്‍ സ്ഥലം വിട്ടുകൊടുത്തതില്‍ അപാകതകളൊന്നും താന്‍ കാണുന്നില്ലെന്നും സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നു, അത് വിട്ടുനല്‍കുന്നതില്‍ പ്രശ്നമൊന്നും ഇല്ലെന്നും തരുണ്‍ പ്രതികരിച്ചു. ബിജെപി നേതാവ് മുകുള്‍ റോയിയും സ്ഥലത്തെ എംഎല്‍എ സ്വധിന് കുമാറും തന്നെ സമീപിച്ചതുകൊണ്ടാണ് സ്ഥലം നല്‍കിയതെന്നാണ് തരുണിന്റെ വിശദീകരണം. ബിജെപിയില്‍ നിന്ന് താന്‍ പണം വാങ്ങിയെന്ന ആരോപണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തരുണ്‍ നിഷേധിച്ചു.
എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംഭവത്തിനെതിരെ രംഗത്തെത്തി. രണ്ടുപാര്‍ട്ടികളും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടെന്ന് തൃണമൂല്‍ ആരോപിച്ചു. ബംഗാളില്‍ ഇടത് പാര്‍ട്ടികളും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടികെട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഭൂമി നല്‍കലെന്ന് തൃണമൂല്‍ നേതാവ് ദുലാല്‍ സര്‍ക്കാര്‍ പറഞ്ഞു. അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ച് ബിജെപിക്ക് എതിരെ പൊരുതുമ്പോള്‍ പ്രതിപക്ഷമായ സിപിഎം ബിജെപിക്ക് സംസ്ഥാനത്ത് വളരാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് എന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
മാല്‍ഡയില്‍ നിന്നാണ് ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുന്നത്. മാല്‍ഡയിലെ പരിപാടിക്ക് ശേഷം സൂരി ജില്ലയിലും രണ്ട് പൊതുയോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. നാദിയ ജില്ലയിലെ പരിപാടിക്ക് സ്മൃതി ഇറാനി പങ്കെടുത്തേക്കും എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ റാലി നടന്ന കൊല്‍ക്കത്തയിലെ ബ്രിഡ്ജ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നും സംസ്ഥാന ബിജെപി വ്യക്തമാക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.