ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിരാശ. മത്സരിച്ച നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികൾ പരാജയപ്പെട്ടു. സിപിഎമ്മിന്റെ ശക്തിമണ്ഡലമായ ബാഗേപ്പള്ളിയിലും അടിപതറി. ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനിൽകുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാൻ സിപിഎം രംഗത്തിറക്കിയിരുന്നത്.
എന്നാൽ കോൺഗ്രസ് സ്ഥാനാർഥി എസ്.എൻ.സുബ്ബഖറെഡ്‌ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചു. ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു സിപിഎം മത്സരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
1994, 2004 വർഷങ്ങളിൽ ബാഗേപള്ളി മണ്ഡലത്തിൽ നിന്ന് സിപിഎം വിജയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച ജി.വി.ശ്രീരാമറെഡ്ഡിയായിരുന്നു മുഖ്യസ്ഥാനാർഥി. കെജിഎഫ് (കോലാർ ഗോൾഡ് ഫീൽഡ്) മണ്ഡലത്തിലും സിപിഎമ്മിന് കാലിടറി. കോണ്‍ഗ്രസ് സ്ഥാനാർഥി എം. രൂപകലയാണ് സിപിഎം സ്ഥാനാർഥി പി.തങ്കരാജിനെ 50,467 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
പാർട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആർ പുര, ഗുൽഭർഗ റൂറൽ എന്നിവടങ്ങളിൽ ബിജെപി സ്ഥാനാർഥിയോടയാണ് സിപിഎം പരാജയപ്പെട്ടത്. ഇവിടെ ബിജെപി സ്ഥാനാർഥികളായ ബി.എ.ബസവരാജ, എം.ബസവരാജ് എന്നിവരാണ് യഥാക്രമം വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.