ന്യൂഡൽഹി: സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ബിജെപി വന്‍തോതില്‍ പണശക്തിയും വിഭവങ്ങളും കയ്യാളുന്നുണ്ടെങ്കിലും അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യുറോയുടെ പ്രസ്താവനയിൽ പറയുന്നു.
മൂന്ന് ദശകമായി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയം നേടിയതെന്നും സിപിഎം പോളിറ്റ് ബ്യൂറോ പറയുന്നു. ഹിന്ദുദേശീയ വികാരം ഉയര്‍ത്തിക്കാട്ടിയും ഗുജറാത്തി അഭിമാനത്തെക്കുറിച്ചുള്ള നാട്യങ്ങള്‍ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ മറികടന്നതെന്ന് സിപിഎം വിമർശിക്കുന്നു.
Also Read-ഹിമാചലിലെ ഏക സിറ്റിങ് സീറ്റിൽ സിപിഎം മൂന്നാമത്; ജയിച്ചത് കോൺഗ്രസ്
ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിതെന്നും സിപിഎം വിമര്‍ശിച്ചു.
ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും എല്ലാ പ്രലോഭനങ്ങളും ഉപായങ്ങളും തള്ളിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയതെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.