ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിന് എത്തിയ സൗദി അറേബ്യ രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം ഇസ്ലാമബാദിൽ നിന്ന് സൗദി അറേബ്യയിലേക്ക് മടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ആയിരുന്നു സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ ഇസ്ലാമബാദിൽ എത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം തിങ്കളാഴ്ച സൗദി രാജകുമാരൻ സൗദി അറേബ്യയിലേക്ക് മടങ്ങി.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെയുള്ള സന്ദർശനത്തിന്റെ ഭാഗമായിട്ട് ആയിരുന്നു സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ ഇസ്ലാമബാദിൽ എത്തിയത്. പാകിസ്ഥാനിലെ സന്ദർശനത്തിനു ശേഷം അവിടെ നിന്ന് നേരെ ന്യൂഡൽഹിയിലേക്ക് വരാനായിരുന്നു ആദ്യം സൗദി രാജകുമാരൻ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമബാദിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതിൽ ഇന്ത്യ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് സൗദി അറേബ്യയിലേക്ക് അദ്ദേഹം മടങ്ങിപ്പോയത്.
പുൽവാമ: ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ
അതേസമയം, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുണ്ടായിരിക്കുന്ന അസ്വസ്ഥതയുടെ തീവ്രത കുറയ്ക്കാൻ സൗദി രാജകുമാരന്റെ സന്ദർശനം സഹായകമാകുമെന്ന് സൗദി അറേബ്യ വിദേശകാര്യമന്ത്രി അദെൽ അൽ-ജുബീർ തിങ്കളാഴ്ച ഇസ്ലാമബാദിൽ പറഞ്ഞു.
റിയാദിൽ നിന്ന് ഇന്ത്യയിലെത്തുന്ന സൗദി രാജകുമാരനുമായി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദി രാജകുമാരൻ നടത്തുന്ന കൂടിക്കാഴ്ചയിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കും എന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും സംയുക്തമായി പ്രസ്താവനയിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ സന്ദർശനം നടത്തിയതിനു ശേഷം അദ്ദേഹം ചൈനയിലേക്ക് പോകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.