ധീര യോദ്ധാവിന് വിട; വസന്തകുമാർ ഇനി ജ്വലിക്കുന്ന ഓർമ

ആചാരപരമായ ചടങ്ങുകൾക്ക് ശേഷം സർവസൈനിക ബഹുമതികളോടെ രാത്രി 9.59 ന് വസന്തകുമാറിനെ കുടുംബ ശ്മശാനത്തിലെ ഭൂമി ഏറ്റുവാങ്ങി. ആ യോദ്ധാവ് ജ്വലിക്കുന്ന ഓർമ്മയായി

news18india
Updated: February 16, 2019, 10:14 PM IST
ധീര യോദ്ധാവിന് വിട; വസന്തകുമാർ ഇനി ജ്വലിക്കുന്ന ഓർമ
news18
  • News18 India
  • Last Updated: February 16, 2019, 10:14 PM IST
  • Share this:
ചെമ്മൺ പാതകളുടെ തൃക്കൈപ്പറ്റ: ദുർഘടമായ പാതയിലൂടെ വാഹനവ്യൂഹം വയനാട്ടിലെ തൃക്കൈപ്പറ്റയിലെത്തുമ്പോൾ രാത്രി കനത്തിരുന്നു. മഞ്ഞു വീണു തുടങ്ങിയിരുന്നു. പക്ഷേ രാവേറെയായിട്ടും ചെമ്മൺ പാതകളുടെ ഓരത്ത് ജനക്കൂട്ടം കാത്തുനിന്നു.ഏതാണ്ട് ആറുമണിക്കൂറോളം. സൂര്യനസ്തമിച്ചാൽ സ്വന്തം വീടുകൾക്കുളളിലേക്ക് ആളുകൾ ഒതുങ്ങുന്ന ആ ഉൾഗ്രാമത്തിലേക്ക് ചേതനയറ്റ ശരീരമായെത്തിയ വീരപുത്രൻ വസന്തകുമാറിന്, തങ്ങൾക്കായി കശ്മീരിലെ പുൽവാമയിൽ ജീവൻ വെടിഞ്ഞ ധീരസൈനികന് ഒരിറ്റു കണ്ണീരൊടെ അന്ത്യാഞ്ജലി അർപ്പിക്കാൻ.

ഇരുട്ടിന് കനം കൂടി വന്നിട്ടും ആ നാട് തങ്ങളുടെ വീരപുത്രനായി നിറകണ്ണുകളോടെ കാത്തുനിന്നു. ജനപ്രതിനിധികളും സാധാരണക്കാരും ഉദ്യോഗസ്ഥരും കാത്തുനിന്നു. രാത്രി ഒമ്പതര മണിയോടെയാണ് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സി ആർ പി എഫ് ഭടൻ ഹവിൽദാർ വി വി വസന്ത കുമാറിന്‍റെ മൃതദേഹം ജന്മനാടായ തൃക്കൈപ്പറ്റയിൽ എത്തിച്ചത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ വസന്തകുമാറിന്‍റെ മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. അതിനുശേഷം ജന്മനാടായ വയനാട്ടിലേക്കുള്ള യാത്ര. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങൾ പിന്നിട്ട് ചുരം കയറി പൂക്കളിൽ പൊതിഞ്ഞ് അവസാനമായി ജന്മനാട്ടിലേക്ക് വസന്തകുമാർ എത്തി, വിട പറയാൻ.

ഭാര്യ ഷീനയും മക്കളായ അനാമികയും അമർദീപും താമസിക്കുന്ന ലക്കിടിയിലെ വീട്ടിലാണ് മൃതദേഹം ആദ്യമെത്തിച്ചത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മൃതദേഹത്തിന് അകമ്പടി സേവിച്ചു. വീട്ടിൽ നിന്ന് പിന്നീട് ലക്കിടി ജി എൽ പി എസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പഠിച്ച വിദ്യാലയാങ്കണത്തിൽ നിരവധി പേരാണ് കാത്തുനിന്നത്. തലമുറകളുടെ അന്തിമോപചാരം ഏറ്റുവാങ്ങി ജന്മനാടായ തൃക്കൈപ്പറ്റയിലേക്ക്.

തറവാട്ടു മുറ്റത്തേക്ക് രാത്രി വൈകിയാണ് 18 വർഷത്തെ സേവനത്തിനൊടുവിൽ വിട ചൊല്ലാൻ വസന്തകുമാർ എത്തിയത്. ഇരുട്ടിന് കനം കൂടി വന്നിട്ടും സങ്കടക്കടൽ ഉള്ളിലൊതുക്കി ഒരു വീടും നാടും അവരുടെ പൊന്നോമനെ പുത്രനെ വികാര വായ്പോടെ സ്വീകരിച്ചു. രാജ്യത്തിനായി വീരചരമം പ്രാപിച്ച പ്രിയ പുത്രനെ സമുദായത്തിന്‍റേതായ എല്ലാ ആചാരങ്ങളോടെയും യാത്രയാക്കി. തുടർന്ന് ഔദ്യോഗിക ബഹുമതികൾ നൽകി.

ഗോത്ര വിഭാഗമായ കുറുമ സമുദായംഗമാണ് വസന്തകുമാർ. ജനനവും മരണവും കുടുംബവീട്ടിൽ തന്നെയാകണമെന്നാണ് ഗോത്രാചാരം. ജനനവും മരണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും കുടുംബവീട്ടിൽ പൂർത്തിയാക്കണം. കുടുംബവീട്ടിൽ നിന്നുവേണം ചടങ്ങുകൾ തുടങ്ങാൻ. അതനുസരിച്ചാണ് തറവാട്ടു വീട്ടിലേക്ക് എത്തിച്ചത്. എന്നാൽ, മൃതദേഹം പൂർണശരീരമല്ലാത്തതിനാൽ ആചാരപരമായ എല്ലാ ചടങ്ങുകളും നടത്താൻ കഴിയില്ലായിരുന്നു.

ആയിരക്കണക്കിനാളുകളാണ് വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം സർവസൈനിക ബഹുമതികളോടെ രാത്രി 9.59 ന് വസന്തകുമാറിനെ കുടുംബ ശ്മശാനത്തിലെ ഭൂമി ഏറ്റുവാങ്ങി. ആ യോദ്ധാവ് ജ്വലിക്കുന്ന ഓർമ്മയായി.
First published: February 16, 2019, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading