മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ മുംബൈ പൊലീസിനോട് സിആർപിഎഫ് വിശദീകരണം ചോദിക്കും. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത് ഷായ്ക്കൊപ്പം പരിപാടികളിൽ പങ്കെടുത്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹേമന്ത് പവാർ എന്നയാളാണ് അറസ്റ്റിലായത്. അതീവ സുരക്ഷയുള്ള സ്ഥലങ്ങളിൽ ഉൾപ്പടെ ഇയാൾ പ്രവേശിച്ചതായാണ് വിവരം.
അതേസമയം സംഭവത്തിൽ മഹാരാഷ്ട്ര പൊലീസിന് സിആർപിഎഫ് കത്തെഴുതും. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗത്തിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് എന്ന് അവകാശപ്പെട്ടാണ് ഒരാൾ അമിത് ഷായുടെ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ചത്. അമിത് ഷായ്ക്ക് സുരക്ഷ നൽകുന്ന സിആർപിഎഫിലെ ഉന്നത വൃത്തങ്ങൾ സംഭവം അതീവഗൌരവത്തോടെയാണ് കാണുന്നത്. മഹാരാഷ്ട്ര പൊലീസിനോട് വിശദീകരണം ചോദിക്കുമെന്ന് സി ആർ പി എഫ് വൃത്തങ്ങൾ പറയുന്നു. അമിത് ഷായുടെ അടുത്ത് ആരെയും അനുവദിക്കരുതെന്ന് ക്ലോസ് പ്രൊട്ടക്ഷൻ ടീമിനെ ഇതിനകം അറിയിച്ചിരുന്നതാണെന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ ഹേമന്ദ് പവാർ ധരിച്ചിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡ് ശ്രദ്ധയിൽപ്പെട്ടതോടെ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതായി വൃത്തങ്ങൾ അറിയിച്ചു. “സംഭവം ഒരു പ്രക്രിയയെന്ന നിലയിൽ ഞങ്ങൾ മഹാരാഷ്ട്ര പോലീസിന് കത്തെഴുതും. സിആർപിഎഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെട്ട പ്രതി ആഭ്യന്തരമന്ത്രിയുടെ പരിപാടി നടക്കുന്ന വേദികൾക്ക് സമീപം അലഞ്ഞുതിരിയുന്നത് കണ്ടിരുന്നു. ഈ പ്രദേശങ്ങളുടെ സുരക്ഷ ചുമതല സംസ്ഥാന പോലീസിന്റെ പക്കലാണ്, ആഭ്യന്തരമന്ത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടും, ”ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
“ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അറസ്റ്റിലായ പ്രതി ഹേമന്ദ് പവാർ ആഭ്യന്തര മന്ത്രിയുടെ ചടങ്ങ് നിശ്ചയിച്ചിരുന്ന പരിസരത്തേക്ക് കടന്നെങ്കിലും ഒരു സമയത്തും മന്ത്രിയുടെ സമീപത്തേക്ക് കടന്നില്ല. എംഎച്ച്എയുടെ ഐഡന്റിറ്റി കാർഡ് ധരിച്ച പവാറിനെ കണ്ടതോടെ സിആർപിഎഫ് ജവാൻമാർക്ക് സംശയം തോന്നി. പിന്നീട് ആഭ്യന്തരമന്ത്രി സ്ഥലം വിട്ടതോടെ വിഷയം ലോക്കൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. വേദിയുടെ സുരക്ഷയും അകത്ത് പ്രവേശിക്കാൻ അനുവാദം നൽകുന്നതും ലോക്കൽ പോലീസിന്റെ ചുമതലയാണ്," ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നിന്നുള്ള പവാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഒരു ആന്ധ്രപ്രദേശ് എംപിയുടെ പിഎ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നതെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മന്ത്രാലയ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുന്നതുവരെ പ്രതി മണിക്കൂറുകളോളം അമിത് ഷായുടെ പരിപാടി നടന്ന വേദിയുടെ സമീപത്തുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പവാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.