ഭുവനേശ്വർ: ഫോനിക്ക് പിന്നാലെ ഉഷ്ണക്കാറ്റിൽ വലഞ്ഞ് ഒഡീഷയിലെ ജനങ്ങൾ. ഫോനിയെ നേരിടാൻ ഒഡീഷാ സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികൾ വലിയ രീതിയിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാൽ കൊടുങ്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ നിലവിലെ സ്ഥിതി അത്ര സുഖകരമല്ലെന്നാണ് ഇപ്പോഴത്തെ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. പലയിടങ്ങളിലും വൈദ്യുതി ക്ഷാമവും ഉണ്ട്. നാലര ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കൾ ഉള്ള ഭുവനേശ്വറില്‍ പകുതിയിടങ്ങളിൽ മാത്രമെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടുള്ളു. ഫോനിക്ക് പിന്നാലെ ഉഷ്ണ കാറ്റ് വീശാൻ തുടങ്ങിയ സംസ്ഥാനത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കടുത്ത ഉഷ്ണതരംഗത്തിൽ വെള്ളവും വൈദ്യുതിയും ഇല്ലാതെ വലയുകയാണ് ജനങ്ങൾ. ഈ അവസ്ഥ പലയിടത്തും സംഘർഷങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇലക്ട്രിസിറ്റി ഓഫീസുകളിൽ അതിക്രമിച്ച് കയറി ജനങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ പല ഓഫീസുകളും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം വൈദ്യുതി പുനഃസ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.