HOME » NEWS » India » CYCLONE YAAS INTENSIFIES INTO SEVERE CYCLONIC STORM HIGH ALERT IN ODISHA AND WEST BENGAL

Cyclone Yaas | ശക്തമായ ചുഴലിക്കാറ്റായി യാസ്; ഒഡീഷ-ബംഗാൾ തീരത്ത് ജാഗ്രതാ മുന്നറിയിപ്പ്

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും മെയ് 25, 26 തിയ്യതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

News18 Malayalam | news18-malayalam
Updated: May 25, 2021, 8:15 AM IST
Cyclone Yaas | ശക്തമായ ചുഴലിക്കാറ്റായി യാസ്; ഒഡീഷ-ബംഗാൾ തീരത്ത് ജാഗ്രതാ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
  • Share this:
ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. നിലവിൽ 'യാസ്' എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 360 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 460 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 450 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയിൽ നിന്ന് 480 കി.മീ തെക്ക് -തെക്കു പടിഞ്ഞാറായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് -വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( Very Severe Cyclonic Storm) മാറാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തുടർന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തും.  മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മെയ് 25 - മെയ് 26 തിയ്യതികളിൽ മധ്യ - വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിർദേശം നൽകിയിട്ടുണ്ട് .



ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ്ണ സജ്ജരാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ അറിയിച്ചിട്ടുണ്ട്. മെയ് 26ഓടെ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് കേന്ദ്രത്തെ അറിയിച്ചത്.

യാസ് ചുഴലിക്കാറ്റിനെ നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ 20 ജില്ലകളെ ബാധിച്ചേക്കാം. കുറഞ്ഞത് 10 ലക്ഷം പേരെയെങ്കിലും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും പത്രസമ്മേളനത്തിൽ സംസാരിക്കവെ മമത അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര ദുരന്തപ്രതികരണ സേനയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം  കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല എന്നും അറിയിച്ചിട്ടുണ്ട്.  ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും മെയ് 25, 26 തിയ്യതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് .
Published by: Asha Sulfiker
First published: May 25, 2021, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories