• HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu | തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓഫീസിൽ കസേരകൾ പോലുമില്ലെന്ന് റിപ്പോര്‍ട്ട്

Tamil Nadu | തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓഫീസിൽ കസേരകൾ പോലുമില്ലെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്‌നാട്ടിലെ (Tamilnadu) പല ദളിത് (Dalit) പഞ്ചായത്ത് (panchayat) പ്രസിഡന്റുമാർക്കും ഓഫീസുകളില്‍ കസേരകൾ (Chair) പോലും ഇല്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്.

    386 പഞ്ചായത്തുകളിലെ 22 ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേരകൾ അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ നടത്തിയ സര്‍വേ പ്രകാരം പല ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്കും പതാക ഉയര്‍ത്താന്‍ പോലും അനുവാദമില്ല. ഇതിന് പുറമെ, തദ്ദേശ സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ഇവരുടെ പ്രവേശനം നിഷേധിക്കുന്നതായും ഔദ്യോഗിക രേഖകള്‍ കൈമാറുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ നിരവധി ജില്ലകളില്‍ ദളിത് പഞ്ചായത്തംഗങ്ങൾക്ക് തൊട്ടുകൂടായ്മയുടെ പേരില്‍ ദേശീയ പതാക പോലും ഉയര്‍ത്താന്‍ കഴിയാത്തത്. അതേസമയം, ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് പല തരത്തിലുള്ള വിവേചനങ്ങളും നേരിടാറുണ്ടെന്നും ടിഎന്‍യുഇഎഫ് നടത്തിയ ഫീല്‍ഡ് സര്‍വേയില്‍ പറയുന്നു.

    തമിഴ്‌നാട്ടില്‍ രണ്ടായിരത്തിലധികം പഞ്ചായത്തുകളിലായി നിരവധി ദളിത് നേതാക്കളുണ്ട്. ഇതില്‍ 24 ജില്ലകളിലെ 386 പഞ്ചായത്തുകളിലാണ് ടിഎന്‍യുഇഎഫ് സര്‍വേ നടത്തിയത്. എന്നാല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ നിലവിലുണ്ടെന്ന് ടിഎന്‍യുഇഎഫിന്റെ ജനറല്‍ സെക്രട്ടറി സാമുവല്‍ രാജ് പറയുന്നു.

    42 പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പേര് എഴുതിയ ബോര്‍ഡ് ഇല്ലെന്നും, 22 ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസ്‌ കസേര അനുവദിച്ചിട്ടില്ലെന്നും, 14 പഞ്ചായത്തിലെ പ്രസിഡന്റുന്മാര്‍ക്ക് ഓഫീസ് താക്കോല്‍ നല്‍കിയിട്ടില്ലെന്നും, 39 പഞ്ചായത്തുകളിലെ പ്രസിഡന്റിന്മാര്‍ക്ക് അതത് പഞ്ചായത്തിലെ രേഖകളും ഭൂപടങ്ങളും കൈമാറിയിട്ടില്ലെന്നും, 34 പഞ്ചായത്തുകളിലെ നേതാക്കള്‍ ആക്രമിക്കപ്പെടുകയും ഭീഷണി നേരിടുന്നുണ്ടെന്നും, 17 പഞ്ചായത്തുകളിലെ വനിതാ നേതാക്കള്‍ വിവേചനം നേരിടുന്നുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

    ഈ സാഹചര്യത്തില്‍ ദളിത് പഞ്ചായത്ത് നേതാക്കള്‍ക്ക് ഉചിതമായ സുരക്ഷ ഒരുക്കണമെന്നും പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു സംവിധാനം ഒരുക്കണമെന്നുമാണ് ടിഎന്‍യുഇഎഫിന്റെ പ്രവര്‍ത്തകനായ ചെല്ലക്കണ്ണ് ഉന്നയിക്കുന്നത്.

    പഞ്ചായത്തുമായി ബന്ധപ്പെട്ട രേഖകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ദളിതരല്ലാത്തവര്‍ ഗ്രാമസഭാ യോഗത്തിന് പങ്കെടുക്കുന്നില്ലെന്നും ശിവഗംഗ കീഴ്പൂങ്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഷണ്‍മുഖവല്ലി പറയുന്നു.

    അതേസമയം, സര്‍വേ ഫലങ്ങള്‍ ഭയപ്പെടുത്തുന്നതും നിരാശാജനകവുമാണെന്ന് സാമുവല്‍ രാജ് പറഞ്ഞു. സംസ്ഥാനത്തെ ഇരുപതോളം പഞ്ചായത്തുകളില്‍ ഇത്തരം വിവേചനം നിലവിലുണ്ട്. തമിഴ്നാട്ടില്‍ ഇത്തരം ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഏറെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, 2020-ല്‍ സ്വാതന്ത്ര്യദിനത്തില്‍ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന ആരോപണം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ അതുപക്കം പഞ്ചായത്ത് പ്രസിഡന്റായ അമൃതം ആണ് സ്വാതന്ത്ര്യദിനത്തില്‍ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന ആരോപണം ഉന്നയിച്ചത്. ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ആഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്താന്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിന്നീട് കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി തന്നോട് എത്തേണ്ടതില്ല എന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും, അമൃതം പറഞ്ഞു.

    എന്നാല്‍ കോവിഡ് സാഹചര്യം ആശങ്ക ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പോലും തന്റെ അമ്മയെ ഒഴിവാക്കി അവിടെ ആഘോഷ ചടങ്ങുകള്‍ നടന്നിരുന്നു എന്ന് അമൃതത്തിന്റെ മകന്‍ ശശികുമാര്‍ ആരോപിച്ചു. വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
    Published by:user_57
    First published: