ബെംഗളൂരു: "എനിക്ക് പത്ത് വയസ്സിനോടടുത്ത് പ്രായമുള്ളപ്പോൾ ഞങ്ങളുടെ വീടിന് ചുറ്റും എപ്പോഴും ആളുകൾ കൂടി നിൽക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിൽ അമ്മയും ആന്റിയും ഉൾപ്പെടെ കുറച്ച് ദേവദാസികൾ (Devadasi) ഉണ്ടായിരുന്നു. അവരെ കാണാനായി നിരന്തരം പുരുഷന്മാരും എത്താറുണ്ടായിരുന്നു. വളരെ കോലാഹലം നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു വീടിനു ചുറ്റും. എന്നാൽ ഞാൻ അതിലൊന്നും ശ്രദ്ധിച്ചില്ല പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ, അവർ എന്നെയും ദേവദാസി ആക്കാൻ തീരുമാനിച്ചു. ഉന്നത ജാതിയിൽപ്പെട്ട യുവാക്കൾ ഞങ്ങളുടെ വീടിനു ചുറ്റും കറങ്ങാൻ തുടങ്ങി. എന്നാൽ ഞാൻ വഴങ്ങിയില്ല, പൊരുതി നിന്നു, ഒടുവിൽ ആ വിഷമഘട്ടത്തിൽ നിന്ന് പുറത്തു കടന്നു." ദേവദാസി യുവജനതയുടെ സാമൂഹിക ഉൾപ്പെടുത്തലിനെക്കുറിച്ച് പിഎച്ച്ഡി (PhD) ചെയ്യുന്ന മഞ്ജുള തെലഗഡെ (35) പറയുന്നു. ദേവദാസി സമൂഹത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം (higher education) പൂർത്തിയാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് മഞ്ജുള.
ഉൾഗ്രാമത്തിൽ നിന്ന് വടക്കൻ കർണാടകയിലെ (Karnataka) ബാഗൽകോട്ട് ജില്ലയിലെ മുധോൾ താലൂക്കിലെ ഒരു ഉൾഗ്രാമത്തിൽ ദേവദാസി സമ്പ്രദായത്തിലാണ് മഞ്ജുള വളർന്നത്. ആ ഗ്രാമത്തിൽ ഏകദേശം 60 വീടുകൾ ഉണ്ടായിരുന്നു. മഞ്ജുളയുടെ വീട്ടിൽ ഉണ്ടായിരുന്നത് പോലെ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീട്ടിലും ഒന്നോ രണ്ടോ ദേവദാസികൾ വീതം ഉണ്ടായിരുന്നു. സ്കൂളിൽ ചേർത്ത് പഠനം ആരംഭിച്ച മഞ്ജുള നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിലെ യുവാക്കൾ നടത്തി വന്നിരുന്ന ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ തുടങ്ങി.
"കൃത്യമായി പറഞ്ഞാൽ ട്യൂഷനുകളല്ല, അംബേദ്കറെയും സ്വാമി വിവേകാനന്ദനെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെകുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും എന്റെ ചെറിയ മനസ്സിനെ ചിന്തിപ്പിച്ച നിരവധി കാര്യങ്ങൾ അവർ സംസാരിച്ചിരുന്നു. അങ്ങനെ പഠിച്ചാൽ നമുക്ക് ഈ വ്യവസ്ഥിതിയിൽ നിന്ന് പുറത്തു വരാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. പല പീഡനങ്ങളും ഞാൻ നേരിൽ കണ്ടു, പരിഹാസങ്ങളും തൊട്ടുകൂടായ്മ പോലും അടുത്തറിഞ്ഞു" മഞ്ജുള പറയുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മഞ്ജുളയെ ദേവദാസിയാക്കാൻ വീട്ടുകാർ നിർബന്ധം പിടിച്ചു. "പക്ഷേ ഞാൻ എതിർത്തു, അവരുടെ നിർബന്ധം കൂടി വന്നപ്പോൾ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, അപ്പോഴാണ് അവർ പേടിച്ചത്. എന്നാൽ അന്ന് അമ്മൂമ്മ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞങ്ങൾ നിന്നെ പഠിക്കാൻ അനുവദിക്കും, എന്നാൽ നീ സമ്പാദിച്ച് നിന്റെ അമ്മയെ പരിപാലിക്കണം". തുടർന്ന് മഞ്ജുള ഒരു സ്വകാര്യ ആശുപത്രിയിൽ പാർട്ട് ടൈം ജോലിയിൽ പ്രവേശിച്ചു.
"ഞാൻ അവിടെ ഒരു റിസപ്ഷനിസ്റ്റായിരുന്നു, കൂടാതെ ഡോക്ടർമാരെയും നഴ്സുമാരെയും സഹായിച്ചിരുന്നു. അവർ എനിക്ക് പ്രതിമാസം 500 രൂപ നൽകി. എന്റെ വിദ്യാഭ്യാസത്തിനായി ഞാൻ ആ പണം ചെലവഴിക്കുകയും അമ്മയെ സഹായിക്കുകയും ചെയ്തു," മഞ്ജുള ഓർത്തെടുത്തു. അങ്ങനെ ബിഎ പഠനം പൂർത്തിയാക്കി. പിന്നീട് കുട്ടികൾക്ക് ട്യൂഷനെടുക്കാൻ തുടങ്ങി. ഉഡുപ്പിയിൽ സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് പഠിക്കാൻ ഒരു എൻജിഒ (NGO) സഹായിച്ചു. ഇപ്പോൾ മഞ്ജുള പിഎച്ച്ഡി ചെയ്യുകയാണ്.
സ്കൂളിൽ പഠിക്കുമ്പോൾ മഞ്ജുളയ്ക്ക് കലാ, കായിക മത്സരങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിഞ്ഞില്ല. "ഒരിയ്ക്കൽ ഒരു സ്പോർട്സ് ഇവന്റിൽ പങ്കെടുക്കുന്നതിനുള്ള ഒരു ഫോം പൂരിപ്പിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഫോം പൂരിപ്പിക്കുമ്പോൾ എന്റെ പിതാവിന്റെ പേര് എഴുതേണ്ട കോളം അതിൽ ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അവിടെ എന്തെഴുതണം എന്ന് അറിയില്ലായിരുന്നു.
മറ്റൊരിക്കൽ ബംഗളൂരിവിൽ വച്ച് ജർമ്മനിയിലേക്കുള്ള വിസയ്ക്കായി അപേക്ഷിക്കുന്നതിനിനിടെ ഉദ്യോഗസ്ഥർ എന്റെ പിതാവിനെക്കുറിച്ച് ചോദിക്കുകയും ദേവദാസികളുടെ മക്കൾക്ക് ഒന്നിലധികം പിതാക്കന്മാരുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. എന്റെ ഗ്രാമവാസികളിൽ പലരും ഇത്തരം കളിയാക്കലുകൾ കാരണം ജോലിയോ പഠനമോ ഉപേക്ഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഫോമുകൾ കൈകാര്യം ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടാകണം," അവർ പറഞ്ഞു.
ദേവദാസികളെയും മുൻ ദേവദാസികളെയും അവരുടെ മക്കളെയും ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അവർക്കിടയിൽ ഒരു ബോധവൽക്കരണവും നടത്തുന്നില്ല. "മൂന്നോ ആറോ മാസത്തിലൊരിക്കലാണ് അവർക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ അവർ എന്താണ് ചെയ്യേണ്ടത്?" മഞ്ജുള ചോദിക്കുന്നു.
"ഈ ആനുകൂല്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുമ്പോൾ ജീവനക്കാർ അവരോട് മോശമായി പെരുമാറുന്നു. ദേവദാസികൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് പ്രതിമാസം 2500 രൂപ നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ദേവദാസി സമ്പ്രദായം ഇല്ലെന്ന് പറഞ്ഞ് സർക്കാർ അത് നിർത്തി. യഥാർത്ഥത്തിൽ ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പെൺകുട്ടികളെ മുംബൈയിലെയും പൂനെയിലെയും വേശ്യാലയങ്ങളിലേക്കാണ് ഇപ്പോൾ അയയ്ക്കുന്നത്. ഒന്നുകിൽ കൈയ്യിൽ ഒരു കുട്ടിയുമായോ എന്തെങ്കിലും രോഗവുമായോ അവർ മടങ്ങി എത്തും. എന്നാൽ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല" മഞ്ജുള പറയുന്നു.
എൻജിഒയിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനെയാണ് മഞ്ജുള വിവാഹം കഴിച്ചത്. ഭർത്താവാണ് ഇപ്പോൾ മഞ്ജുളയ്ക്ക് പഠനത്തിനായി പൂർണ പിന്തുണ നൽകുന്നത്. “അടുത്ത പത്തു വർഷത്തേക്ക് സർക്കാർ ദേവദാസികളുടെ കുട്ടികളെ പഠിപ്പിക്കുകയാണെങ്കിൽ, ഈ സമ്പ്രദായം അവസാനിപ്പിക്കാം,” മഞ്ജുള കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ ദാസി എന്ന അർത്ഥത്തിലുള്ള ദേവദാസി ഹൈന്ദവ ക്ഷേത്രങ്ങളിൽ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഭാരതത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. പല ദേശങ്ങളിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ദേവദാസികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ പിൽകാലത്ത്, ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയായിരുന്നു. 1934ൽ തിരുവിതാംകൂറിൽ ഈ സമ്പ്രദായം നിരോധിക്കപ്പെട്ടു എന്നാണ് കരുതുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.