ജീവിത സാഹചര്യങ്ങളെ മറികടന്ന് പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ക്ക് സിവില്‍ ജഡ്ജ് റിക്രൂട്ട്മെന്റ് പരീക്ഷയില്‍ (civil judge recruitment exam) മിന്നും വിജയം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ അങ്കിതയാണ് പരീക്ഷയില്‍ എസ്സി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയത്. ഇന്‍ഡോറിലെ (indore) മുസാഖേഡി ഏരിയയില്‍ പച്ചക്കറി കച്ചവടക്കാരനാണ് അങ്കിതയുടെ പിതാവ് അശോക് നാഗര്‍.
എല്ലാ ദിവസവും പഠിത്തം കഴിഞ്ഞ് അങ്കിത പച്ചക്കറി കടയില്‍ ചെന്ന് അച്ഛനെ സഹായിക്കുമായിരുന്നു. തനിക്ക് പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയത് ലോക്ക്ഡൗണ്‍ കാലത്ത് ആണെന്നാണ് അങ്കിത പറയുന്നത്. മിക്കവാറും, യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അങ്കിത പഠിച്ചത്. '' ലോക്ക്ഡൗണ്‍ സമയത്ത് പഠിക്കാന്‍ ധാരാളം സമയം ലഭിച്ചു. യൂട്യൂബിലൂടെ ഓണ്‍ലൈനായാണ് പഠിച്ചത്. സര്‍ക്കാരില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു,'' അങ്കിത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഉപയോഗിച്ചാണ് അങ്കിത തന്റെ മിക്ക പഠനങ്ങളും പൂര്‍ത്തിയാക്കിയത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് മാതാപിതാക്കളാണ്. ഡോക്ടറാകാന്‍ അവള് ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രവേശന ഫീസ് താങ്ങാനാകുന്നതായിരുന്നില്ല. അതിനാല്‍, ആ ആഗ്രഹം വേണ്ടെന്ന് വെച്ച് അങ്കിത സിവില്‍ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി.
Also Read-M K Stalin | അധികാരമേറ്റിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
''എനിക്ക് ഒരു ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മെഡിക്കല്‍ പഠനത്തിന് കൂടുതല്‍ ചിലവ് വരും, അതിനാല്‍ ഞാന്‍ സിവില്‍ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. സർക്കാർ സ്കോളര്‍ഷിപ്പിലാണ് ഞാന്‍ എന്റെ ഭൂരിഭാഗം പഠനങ്ങളും പൂർത്തിയാക്കിയത്'', അങ്കിത കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ സമയത്തും അതിനു ശേഷവും പഠനം പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടായെങ്കിലും അത് കൈകാര്യം ചെയ്തുവെന്നും അങ്കിത പറയുന്നു. പലരും വിവാഹം കഴിക്കൂ എന്ന് പറഞ്ഞുവെന്നും എന്നാല്‍ തന്റെ മാതാപിതാക്കള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അവള് പറഞ്ഞു.
മകള്‍ക്ക് ജീവിതത്തില്‍ ഒരു മികച്ച അവസരം നല്‍കണമെന്നും അങ്കിതയുടെ മാതാപിതാക്കള്‍ പറയുന്നു.''ഞങ്ങള്‍ അവളെക്കുറിച്ച് അഭിമാനിക്കുന്നു. ആരും തങ്ങളുടെ പെണ്മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, പകരം അവരെ പഠിപ്പിക്കുക'', അങ്കിതയുടെ മാതാപിതാക്കൾ പറഞ്ഞു.
Also Read-Madras High Court | എന്തൊരു ചൂട്.. കോട്ട് ഇടാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
ഒരുപാട് കഷ്ടപ്പെട്ടാണ് മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയതെന്നും അങ്കിതയുടെ അച്ഛന് അശോക് നാഗര്‍ പറഞ്ഞു. '' ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു, ഞങ്ങളുടെ കൈവശം അധികം പണമില്ലായിരുന്നു, പക്ഷേ ഉള്ള പണം സ്വരുക്കൂട്ടി വെച്ച് ഞങ്ങളുടെ മകളെ പഠിപ്പിച്ചു'', അദ്ദേഹം പറഞ്ഞു.
''പലരും പെണ്മക്കളെയും ആണ്മക്കളെയും വേര്‍തിരിച്ച് കാണാറുണ്ട്. അത് ചെയ്യരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടും. ഒരു മകനെക്കാള്‍ നല്ലത് മകളാണ്. ഇന്ന് എല്ലാവരും എന്നെ അഭിനന്ദിക്കാന്‍ വരുന്നു. എനിക്ക് മൂന്ന് കുട്ടികളുണ്ട്, ഒരു മകന് എംബിഎ കഴിഞ്ഞു, ഇളയ മകള്‍ വിവാഹിതയാണ്, അങ്കിത പഠിച്ച് ജഡ്ജിയായി. പെണ്‍കുട്ടികളും പഠിക്കണം,'' അശോക് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.