ദാവൂദി ബോറ വിഭാഗക്കാരുടെ വിദ്യാഭ്യാസ സ്ഥാപനമായ അല്‍ജാമിയ-തുസ്-സൈഫിയ അറബിക് അക്കാദമിയുടെ മുംബൈ ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സബര്‍ബന്‍ അന്ധേരിയിലെ മാറോളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ചടങ്ങിന് ശേഷം ആത്മീയ നേതാവ് മുഫദ്ദല്‍ സെയ്ഫുദ്ദീനുമായി പ്രധാനമന്ത്രി മോദി സംസാരിക്കുകയും ചെയ്തു.
‘ഞാന്‍ ഇവിടെ വന്നത് ഒരു കുടുംബാംഗം എന്ന നിലയിലാണ്, പ്രധാനമന്ത്രി എന്ന നിലയിലല്ല,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ദാവൂദി ബോറ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി ചടങ്ങില്‍ സംസാരിച്ചു. ദാവൂദി ബോറ സമൂഹം കാലത്തിനനുസരിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തന്റെ സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജ് തുറക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2004 മുതല്‍ 2014 വരെ രാജ്യത്ത് 145 മെഡിക്കല്‍ കോളേജുകളാണ് ആരംഭിച്ചത്. എന്നാല്‍ 2014ല്‍ അധികാരമേറ്റ ശേഷം തന്റെ സര്‍ക്കാര്‍ 260-ലധികം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍, എല്ലാ ആഴ്ചയിലും രാജ്യത്ത് ഒരു സര്‍വ്വകലാശാലയും രണ്ട് കോളേജുകളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത്, രാജ്യം ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മറുവശത്ത്, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.