ബെംഗലൂരു: കര്‍ണാടകത്തില്‍ മുന്ന് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമാതല്ലി, ആര്. ശങ്കര്‍ എന്നിവരെ സ്പീക്കര്‍ കെ.ആര് രമേഷ്കുമാറാണ് അയോഗ്യരാക്കിയത്. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും നേരത്തെ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് വിമതര്‍ക്കെതിരെ സ്പീക്കറുടെ നടപടി.
അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് മൂന്നു പേരെയും അയോഗ്യരാക്കിയത്.
മൂന്നു എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ കെ.പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു സ്വാഗതം ചെയ്തു.
14 മാസം മുന്‍പ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ വിശ്വാസം തെളിയിക്കാനാകാതെ അധികാരമൊഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് സ്പീക്കറുടെ നിര്‍ണായക നീക്കം.
അതേസമയം കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ നിലംപൊത്തിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ഇതുവരെ അവകാശവാദമുന്നയിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.