ശ്രീനഗർ: ഏറ്റുമുട്ടലിനിടെ മരിച്ചെന്ന് കരുതിയ ഭീകരൻ ചാടിയെഴുന്നേറ്റ് നടത്തിയ വെടിവെയ്പ്പിൽ നാലു സൈനികർ മരിച്ചു. ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഹന്ദ്വാരയിലും കുപ്വാരയിലും ഏറ്റുമുട്ടിൽ നാല് ഭീകരരെയും സൈന്യം വധിച്ചു. 10 സുരക്ഷാ ഉദ്യോഗസ്ഥർക്കും 10 പ്രദേശവാസികൾക്കും പരിക്കേറ്റു. അതിർത്തിയിൽ പലയിടത്തും പാക് സൈന്യത്തിന്റെ പ്രകോപനം ഇന്നും തുടർന്നു.
ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് രണ്ടു സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ടു കശ്മീർ പോലീസ് സേനാംഗങ്ങളും ഒരു പ്രദേശവാസിയും മരിച്ചത്. ഏറ്റുമുട്ടൽ പൂർത്തിയായി സൈന്യം വധിച്ച ഭീകരരുടെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരിച്ചെന്ന് കരുതിയ ഒരു ഭീകരൻ ചാടിയെഴുന്നേറ്റ് വെടിയുതിർത്തത്. 10 പേർക്ക് പരിക്കേറ്റു. 11 മണിക്കൂറാണ് ഭീകരരുമായി ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഹന്ദ്വാരയിലും കുപ്വാരയിലും നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യത്തിന് വധിക്കാനായി.
അതിർത്തിപ്രദേശങ്ങളിൽ പലയിടങ്ങളിലും പാക് സൈന്യത്തിന്റെ പ്രകോപനം തുടരുകയാണ്.രജൗരിയിലെ നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ഉറി സെക്ടറിലെ നാല് പോസ്റ്റുകളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർലംഘിച്ചിരുന്നു. വെടിവെപ്പിൽ ഏഴിലേറെ പ്രദേശവാസികൾക്ക് പരുക്കേറ്റു. മോട്ടോർ ഷെല്ലുകളുപയോഗിച്ചും പാകിസ്ഥാൻ ആക്രമണം നടത്തി. സൈന്യം ശക്തമായ തിരിച്ചടിയാണ് ഈ മേഖലയിൽ നൽകിയത്.
കുപ്വാര ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ പിടിയിലായതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സോപാർ മേഖലയിലും ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തെ സൈന്യം തിരച്ചിൽ നടത്തി. പഞ്ചാബിൽ നിന്ന് പാക് ചാരനെന്ന് സംശയിക്കുന്നയാളെ ബിഎസ്എഫ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.