ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തെ വധശിക്ഷകൾ 

ധനഞ്ജയ് ചാറ്റർജി, അജ്മൽ കസബ്, അഫ്സൽ ഗുരു, യാക്കൂബ് മേമൻ എന്നിവരാണ് ആ നാലുപേർ 

News18 Malayalam | news18-malayalam
Updated: March 20, 2020, 10:25 AM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തെ വധശിക്ഷകൾ 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തെ വധശിക്ഷകൾ 
  • Share this:
ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ  ഒടുവിൽ ഏഴര വർഷം നീണ്ട നിയമപോരാട്ടത്തിനു ശേഷം തൂക്കിലേറ്റിയിരിക്കുകയാണ്. എന്നാൽ ഇത്  കൂടാതെ മറ്റു നാലുപേരുടെ വധശിക്ഷയും   21ആം നൂറ്റാണ്ടിൽ രാജ്യത്ത് നടപ്പിലായിട്ടുണ്ട്. ധനഞ്ജയ് ചാറ്റർജി, അജ്മൽ കസബ്, അഫ്സൽ ഗുരു, യാക്കൂബ് മേമൻ എന്നിവരാണ് ആ നാലുപേർ

യാക്കൂബ് മേമൻ 

1993 ലെ മുംബൈ സ്ഫോടന  കേസ് പ്രതി യാക്കൂബ് മേമനെയാണ് ഏറ്റവും അവസാനമായി തൂക്കിലേറ്റിയത്. യാക്കൂബ് മേമന്റെ ഹർജി പരിഗണിക്കാൻ പുലർച്ചെ കോടതി സമ്മേളിച്ചത് ഇന്ത്യൻ നീതി ന്യായ സംവിധാനത്തിലെ അപൂർവം സംഭവങ്ങളിൽ ഒന്നായിരുന്നു. 1993 മാര്‍ച്ച് 12 നായിരുന്നു  257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര. ബാബറി മസ്ജിദ് തകർത്തതിന് ശേഷം മുംബൈയിൽ അരങ്ങേറിയ കലാപത്തിനുള്ള പ്രതികാരം ആയിരുന്നു മുംബൈ നഗരത്തിന്റെ 13 ഭാഗങ്ങളിൽ ആയി നടന്ന  സ്ഫോടനം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമന്‍ സഹോദരനും മുഖ്യപ്രതിയുമായ  ഇബ്രാഹിം മുഷ്താഖ് ടൈഗര്‍ മേമനൊപ്പം ആസൂത്രണം ചെയ്തു എന്നാണ് കേസ്. രണ്ടാം ദയാഹർജിയും രാഷ്‌ട്രപതി ദയാഹർജി തള്ളിയതോടെ 2015 ജൂലൈ 29 ന് രാത്രി പത്തരയോടെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയായിരുന്നു. 30 ന് പുലർച്ചെ 2.15 ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിൽ കോടതി ഹർജി പരിഗണിക്കുകയും 4.55 ഓടെ ഹർജി തള്ളുകയും ചെയ്തു. 6.43  ഓടെ നാഗ്പുർ സെൻട്രൽ ജയിലിൽ മേമന്റെ വധശിക്ഷ നടപ്പാക്കി.

അഫ്സൽ ഗുരു 

2013 ഫെബ്രുവരി 9 നായിരുന്നു പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ  തൂക്കിലേറ്റിയത്. അതീവ രഹസ്യമായാണ് ശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റുന്ന വിവരം വിശദീകരിച്ചു ജയിൽ അധികൃതർ കുടുംബത്തിന് കത്തയച്ചിരുന്നെങ്കിലും ശിക്ഷ നടപ്പാക്കിയതിനു ശേഷമാണ് സ്പീഡ് പോസ്റ്റ്‌ ലഭിച്ചത്. കശ്മീരിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന കാരണം പറഞ്ഞു മൃതദേഹം ജയിലിൽ തന്നെ സംസ്കരിച്ചു.

അജ്മൽ കസബ് അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കുന്നതിന് രണ്ടര മാസം മുൻപാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റിയത്. 2012 നവംബർ  നടന്ന ഭീകരാക്രമണത്തിൽ 166 ജീവനുകളാണ് പൊലിഞ്ഞത്. ആക്രമണം നടത്തിയ ഭീകര സംഘത്തിൽ ജീവനോടെ പിടികൂടിയത് സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ  നാലുപാടും നിറയൊഴിച്ചു നടന്നിരുന്ന കസബിനെ മാത്രമായിരുന്നു. 2012 നവംബർ 21 ന് പൂനെയിലെ  യേർവാഡാ സെൻട്രൽ   ജയിലിൽ വെച്ച് കസബിനെ തൂക്കിക്കൊന്നു. പാക് സർക്കാരോ കുടുംബാംഗങ്ങളോ മൃതദേഹം ആവശ്യപ്പെടാത്തതിനാൽ ജയിൽ വളപ്പിൽ തന്നെ മറവു ചെയ്തു.

ധനഞ്ജയ് ചാറ്റർജി 

യാക്കൂബ് മേമനെയും, അഫ്സൽ ഗുരുവിന്റെയും, അജ്മൽ കസബിന്റെയും ഭീകരാക്രമണ  കേസ് ആണെങ്കിൽ ധനഞ്ജയ് ചാറ്റർജിയേ തൂക്കിലേറ്റിയത് ബലാത്സംഗ കേസിൽ ആയിരുന്നു. അപ്പാർട്മെന്റിലെ സുരക്ഷ ജീവനക്കാരൻ ആയിരുന്ന ധനഞ്ജയ് അതേ അപ്പാർട്മെന്റിൽ കഴിഞ്ഞിരുന്ന ഹേതൽ പരേഖ എന്ന പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. 2004 ഓഗസ്റ്റ് 14 നു പശ്ചിമ ബംഗാളിലെ ആലിപുർ സെൻട്രൽ ജയിലിൽ വെച്ച് ധനഞ്ജയ് ചാറ്റർജിയേ തൂക്കിലേറ്റി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading