ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ സൈനിക ചട്ടങ്ങൾ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. പാകിസ്ഥാനിൽ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ അഭിനന്ദനെ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ആണ് വിവരങ്ങൾ ശേഖരിക്കുക.
പാകിസ്ഥാൻ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാൽ ജനീവ കൺവൻഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും അഭിനന്ദൻ ഇന്നലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
Also read:
ബാലകോട്ടെ വ്യോമാക്രമണത്തിൽ ഭീകരർ മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഫ്രാന്‍സെസ്കോ മരീനോ ആരാണ്?
ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഇല്ല. പാകിസ്താനിൽ ശാരീരിക പീഡനം ഉണ്ടായില്ല എന്നും മാനസിക പീഡനം ഉണ്ടായി എന്നും അഭിനന്ദൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. അഭിനന്ദിന് നൽകി വരുന്ന ചികിൽസകൾ ഇന്നു അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മുഖത്തും ശരീരത്തിലുമേറ്റ പരുക്കുകൾ ഭേദമയി വരുന്നു. അഭിനന്ദനുമായി കുടുംബാംഗങ്ങൾ സമയം ചെലവഴിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ കലുഷിതമായ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന സംജോത എക്സ്പ്രസ്സ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ ഇന്ത്യ-പാക് അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.