മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എത്ര ദിവസം ലഭിക്കുമെന്ന് ഇന്നറിയാം. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നാവിസ്, ഗവർണർക്ക് നൽകിയ രേഖകൾ ഉൾപ്പെടെയുള്ളവ സുപ്രീം കോടതി ഇന്ന് പരിശോധിക്കും.
ഭൂരിപക്ഷം അവകാശപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു ഗവർണർ നൽകിയ കത്തും ഇന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ സമർപ്പിക്കും. രേഖകൾ പരിശോധിച്ച ശേഷം മഹാരാഷ്ട്ര തർക്കത്തിൽ കോടതി വിധി പറയും.
രാഷ്ട്രപതിഭരണം റദ്ദാക്കിയത് നിയമപരമല്ലെന്നും ദേവേന്ദ്ര ഫട്നാവിസിനെ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കഴിഞ്ഞദിവസം എൻസിപി -കോൺഗ്രസ് - ശിവസേന സഖ്യം കോടതിയിൽ വാദിച്ചിരുന്നു. ഇന്നലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിരുന്നു. എന്നാൽ, കാമ്പില്ലാത്ത ഹർജികൾ പരിഗണിക്കാതെ തള്ളണമെന്നായിരുന്നു ബിജെപിയുടെ വാദം.
'സ്ഥിരതയുള്ള ഭരണം ഉറപ്പുവരുത്തും' - പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ഒരു ദിവസത്തിനു ശേഷം അജിത് പവാറിന്റെ മറുപടിഇരു വിഭാഗങ്ങളുടേയും വിശദമായ വാദം കേട്ട ശേഷമാണ് രേഖകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എന്.വി.രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സഭയിൽ വിശ്വാസം തെളിയിക്കാൻ മൂന്ന് ദിവസമെങ്കിലും സമയം വേണമെന്നാണ് ബി ജെ പി ക്കു വേണ്ടി ഹാജരായ മുകുൾ റോത്തഗി ആവശ്യപ്പെട്ടത്.
ശനിയാഴ്ച്ചക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഭഗത് സിംങ് കോഷിയാരി സമയം നൽകിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.