#ആബിദ് ഹുസൈൻ
മറ്റു സംസ്ഥാനങ്ങളിലെ പോല 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ജമ്മു കശ്മീർ (Jammu and Kashmir) ഭരണകൂടം. കശ്മീരിൽ സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു ഈ പരീക്ഷകൾ നടത്തിയിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഏപ്രിലിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായും സമിതിയുടെ ശുപാർശകൾക്ക് ശേഷം കശ്മീരിലും ബോർഡ് പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനിച്ചതായും അതിൽ പറയുന്നു.
എന്നാൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സർക്കാർ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിരവധി ചോദ്യങ്ങളും അവശേഷിക്കുകയാണ്. ഇത് തെറ്റായ തീരുമാനം ആണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. സേവന ദാതാക്കളെ ബോർഡിൽ എടുത്തിട്ടില്ലെന്നാണ് പ്രൈവറ്റ് സ്കൂൾ അസോസിയേഷന്റെ ആരോപണം.
ഈ വിഷയത്തിൽ ന്യൂസ് 18 ചില വിദ്യാർത്ഥികളുമായി സംസാരിക്കുകയും പുതിയ ഉത്തരവിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ അറിയുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥികൾ ഈ തീരുമാനത്തിൽ തൃപ്തരാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിക്കുമെന്ന് അവർ പറയുന്നു.
"ഇത് വളരെ നല്ല തീരുമാനമാണ്. പരീക്ഷക്ക് നന്നായി തയ്യാറെടുക്കാൻ സാധിക്കും. മാർച്ചിൽ പരീക്ഷകൾ നടത്തിയാൽ വീട്ടിലിരിക്കുന്ന ശൈത്യകാലത്ത് അതിനായി നന്നായി തയ്യാറാകാൻ സാധിക്കും", പത്താം ക്ലാസ് വിദ്യാർത്ഥിയായ മുസാമിൽ ന്യൂസ് 18 നോട് പറഞ്ഞു.
എന്നാൽ പുതിയ തീരുമാനത്തിൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്തത്. പന്ത്രാണ്ടാം ക്ലാസ് പരീക്ഷക്കു ശേഷം നീറ്റിനും മറ്റ് പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, എന്നാൽ ഇപ്പോൾ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നും ഇവർ പറയുന്നു
പുതിയ തീരുമാനം അപൂർണമാണെന്ന് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് ജിഎൻ വാർ പറയുുന്നു. സർക്കാർ തീരുമാനമെടുത്തെങ്കിലും തീരുമാനം നടപ്പാക്കേണ്ടവരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതിയും മറ്റ് സൗകര്യങ്ങളും കുറവായതിനാൽ സർക്കാർ ഇതിനായുള്ള ആളുകളെ രംഗത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നല്ല തീരുമാനം എടുക്കാമായിരുന്നു എന്നും മാർച്ചിലെ കാലാവസ്ഥ കാരണം കശ്മീരിലെ പരീക്ഷാ നടത്തിപ്പിൽ വളരെയധികം പ്രശ്‌നങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണിതെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. മാർച്ചിൽ പരീക്ഷയെഴുതിയാൽ, പിന്നീടു വരുന്ന ശൈത്യകാലത്ത് മൂന്ന് മാസത്തോളം എല്ലാവരും വീട്ടിലിരിക്കുമെന്നും ആ വർഷം നഷ്ടമാകുമെന്നും ഇവർ പറയുന്നു. മാർച്ചിൽ കുട്ടികൾ പരീക്ഷ എഴുതിയാൽ ജൂൺ മാസത്തോടെയാകും ഫലമെത്തുക. പ്രവേശന പരീക്ഷകൾക്കായി അവർ എപ്പോൾ പഠിക്കും എന്നും ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ന്യൂസ് 18 നോട് പറഞ്ഞു. കോവിഡ് കാലത്ത് എല്ലാവരും ഡിജിറ്റലായി പരിശീലനം നേടിയതിനാൽ ശൈത്യകാലത്ത് അധ്യാപകർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Examination, Kashmir, Plus two Exam