പുതിയ സൈനികരെ റിക്രൂട്ട് (Army Recruitmet) ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് (Agnipath) പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം. ബീഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.
ബീഹാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബീഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജ്ജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
Also Read- അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ17.5 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരെ നാല് വർഷത്തേക്ക് ആർമിയിൽ എടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുകയാണ്.
Also Read- നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി 45000 പേർക്ക് നിയമനം അഗ്നിപഥ് പദ്ധതിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള നിരക്ക് വളരെ കുറവാണെന്നും ഉദ്യോഗാർഥികൾ പറയുന്നു. പൈലറ്റ് പദ്ധതിയായി പരീക്ഷിച്ച ശേഷം നടപ്പിലാക്കുന്നതിന് പകരം നേരിട്ട് പ്രാവർത്തികമാക്കാനാണ് ശ്രമം നടക്കുന്നതെന്നും അവർ വ്യക്തമാക്കി. ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും യുവാക്കൾ പദ്ധതിക്കെതിരായ പ്രതിഷേധം അറിയിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.
പദ്ധതിക്കെതിരെ കോൺഗ്രസ്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഗ്നിപഥ് പദ്ധതിക്കെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഇന്ത്യ പല കോണുകളിൽ നിന്നും ഭീഷണി നേരിടുന്ന സമയത്ത്, അഗ്നിപഥ് പോലുള്ള ഒരു പദ്ധതിക്ക് നമ്മുടെ സൈന്യത്തിൻെറ ശക്തി കുറയ്ക്കാൻ മാത്രമേ സാധിക്കുകയുള്ളൂ,” അദ്ദേഹം പറഞ്ഞു. സൈന്യത്തെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് നാന പട്ടോലെ ആരോപിച്ചു. യുവാക്കളുടെ ഭാവി വെച്ച് പന്താടാനാണ് ശ്രമം നടക്കുന്നത്. നിരവധി പാളിച്ചകളുള്ള ഈ പദ്ധതി വലിയ പ്രത്യാഘാതങ്ങളാണ് രാജ്യത്ത് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരുടെ പ്രശ്നങ്ങളെന്ത്?നാല് വർഷമായി സൈനിക സേവനം കുറച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചിരിക്കുന്ന ഒന്നാമത്തെ കാര്യം. നാല് വർഷം കഴിഞ്ഞാൽ കരിയറിൽ എന്ത് ചെയ്യുമെന്ന് അവർ ചോദിക്കുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ ജോലി ലഭിക്കുന്നയാൾക്ക് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അഗ്നിപഥ് പദ്ധതിയിലൂടെ അഗ്നിവീർ ആയി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ബിരുദത്തിന് 50 ശതമാനം ക്രെഡിറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയായ ഇഗ്നുവുമായി സഹകരിച്ച് ഇവർക്കായി ക്രെഡിറ്റ് അടിസ്ഥാനത്തിലുള്ള കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്. ഈ വർഷം 46000 പേരെ ഈ പദ്ധതി വഴി സൈന്യത്തിൽ എടുക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.