• HOME
 • »
 • NEWS
 • »
 • india
 • »
 • BJP | 'കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടിയില്ല'; കര്‍ണാടകയിൽ പാര്‍ട്ടിയ്ക്കെതിരെ പ്രതിഷേധം ശക്തം

BJP | 'കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടിയില്ല'; കര്‍ണാടകയിൽ പാര്‍ട്ടിയ്ക്കെതിരെ പ്രതിഷേധം ശക്തം

'ഹിന്ദുത്വ കേന്ദ്രം' എന്നറിയപ്പെടുന്ന ദക്ഷിണ കന്നഡ മേഖലയില്‍ ബിജെപിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രവര്‍ത്തകരില്‍ നിന്ന് തിരിച്ചടി നേരിടുന്നത്

ശരത്തിന്റെ അച്ഛൻ തനിയപ്പ മടിവാള തന്റെ മകന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിനരികിൽ. 2017ൽ ആർഎസ്എസ് പ്രവർത്തകനായ ശരത് മഡിവാളയെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു

ശരത്തിന്റെ അച്ഛൻ തനിയപ്പ മടിവാള തന്റെ മകന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിനരികിൽ. 2017ൽ ആർഎസ്എസ് പ്രവർത്തകനായ ശരത് മഡിവാളയെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു

 • Last Updated :
 • Share this:
  #രോഹിണി സ്വാമി

  ദക്ഷിണ കന്നഡയിലെ (Dakshin Kannada) ബിസി റോഡില്‍ ആര്‍എസ്എസ് (RSS) പ്രവര്‍ത്തകനായ ശരത് മഡിവാളയെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് അഞ്ച് വര്‍ഷവും 22 ദിവസവും കഴിഞ്ഞു. ഇതേ റോഡില്‍ നടത്തി വന്നിരുന്ന ഉദയ ലോണ്‍ട്രി എന്ന കട അടച്ച് രാത്രി വീട്ടിലേയ്ക്ക് മടങ്ങവെയാണ് ശരത്തിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് നടന്ന എസ്ഡിപിഐ (SDPI) അംഗമായ അഷ്റഫ് കലായിയുടെ കൊലപാതകത്തിന് (Murder) പ്രതികാരമായാണ് ശരത്തിനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

  വീട്ടിൽ ശരത്തിന്റെ ഒരു വലിയ ചിത്രം വയ്ക്കാന്‍ തനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള ധൈര്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശരത്തിന്റെ അച്ഛന്‍ തനിയപ്പ മഡിവാള മകന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച 'സ്മാരക'ത്തിന് സമീപം നടക്കവെ പറഞ്ഞു. അതേസമയം, കേസ് ഉടൻ തെളിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ഇന്നുവരെ കേസിന് തീർപ്പുകൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

  'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ശരത്തിന്റെ ചരമവാര്‍ഷികത്തില്‍ ഞങ്ങള്‍ ഒരു പൂജ നടത്തിയിരുന്നു. കുടുംബാംഗങ്ങളും ഏതാനും സുഹൃത്തുക്കളുമല്ലാതെ മറ്റാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. എന്റെ മകന്‍ ആര്‍എസ്എസിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചത് അവര്‍ മറന്നോ? അവന്‍ നല്ലൊരു തൊഴിലാളിയായിരുന്നു, നല്ല മനസ്സുള്ള ഒരു ആണ്‍കുട്ടിയായിരുന്നു. അവന് ജീവനും ശ്വാസവും സംഘമായിരുന്നു. എനിക്ക് നീതി ലഭിക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്, അല്ലാത്തപക്ഷം ഞാന്‍ പണ്ടേ മരിക്കുമായിരുന്നു' ന്യൂസ് 18 നോട് സംസാരിക്കവെ തനിയപ്പ പറഞ്ഞു.

  'എന്റെ മകന്റെ കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ദൃക്സാക്ഷികള്‍ ശത്രു പക്ഷത്തേക്ക് നീങ്ങി. മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച പോലീസിന് കേസ് തീർപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ശരത്തിന്റെ മകള്‍ ലഷികയെ മകന്റെ ഫോട്ടോ ചൂണ്ടികാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

  എന്നാല്‍ കേസിലെ മുഖ്യപ്രതിയായ ഷെരീഫ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു പ്രതിയായ കലന്ദര്‍ ഷാഫി ഇപ്പോഴും ഒളിവിലാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഢാലോചനക്ക് പിന്നില്‍ നിരവധി പേര്‍ ഉണ്ടെന്നാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്.

  2017 ജൂലായ് നാലിന് രാത്രി 9.20ന് ശരത് തന്റെ വീടിനടുത്തുള്ള ലോണ്‍ട്രി കടയടച്ച് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ശരത്തിനെ, പരിസരത്തുണ്ടായിരുന്ന മറ്റ് ചില കച്ചവടക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ശരത് മരണത്തിന് കീഴടങ്ങി.

  അതേസമയം, അഞ്ച് വര്‍ഷത്തിന് ശേഷം, ശരത് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് 54 കിലോമീറ്റര്‍ അകലെ, ജൂലൈ 26ന് പ്രവീണ്‍ നെട്ടാരെ എന്നൊരാളും കൊല്ലപ്പെട്ടിരുന്നു. ജൂലൈ 19 ന് മസൂദ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് പറയുന്നത്. കൊലപാതകങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പ്പിക്കുമെന്ന വാഗ്ദാനമാണ് ഈ രണ്ട് കേസുകളിലും ഉണ്ടായത്. എന്നാല്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും പുരോഗമിച്ചിട്ടില്ലെന്ന് ക്ഷുഭിതരായ ദക്ഷിണ കന്നഡ ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.

  പ്രവീണിന്റെ മരണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൊലപാതകക്കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്.

  കൊലപാതകങ്ങളുടെ നീണ്ട നിര

  ഈ വര്‍ഷം മാര്‍ച്ചില്‍, ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ ശിവമോഗയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. വലതുപക്ഷ ഗ്രൂപ്പുകളുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി.

  'ശരത്തിന്റെ കേസിന്റെ അന്വേഷണം പുനഃരാരംഭിക്കണമെന്നും കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന പോലീസ് ഇക്കാര്യത്തിൽ ഇഴഞ്ഞു നീങ്ങുകയാണെന്നത് വ്യക്തമാണ്. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് സമഗ്രമായി അന്വേഷിക്കുകയല്ലാതെ വേറെ പ്രതിവിധിയില്ലെന്ന് മഡിവാളയുടെ കുടുംബ സുഹൃത്തായ ഗണേഷ് പറഞ്ഞു.

  രാഷ്ട്രീയക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ ഈ പ്രാവശ്യം ബിജെപി നേതാക്കള്‍ തങ്ങളുടെ ഹിന്ദു കേഡറിന്റെ വികാരങ്ങളും ജീവിതവും വെച്ചാണ് കളിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് ആര്‍എസ്എസിലും ബിജെപിയിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ശരത്തിന്റെ സുഹൃത്തുക്കളില്‍ പലരും പറഞ്ഞു.

  'പ്രവീണിന്റെ മരണശേഷം, ഞങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് തോന്നാറുണ്ട്. 'എന്നെങ്കിലും നമുക്കും മരിക്കേണ്ടി വരും' ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് പറയുന്ന നളിന്‍ കുമാര്‍ കട്ടീലിന്റെ മീമുകളും വീഡിയോകളും കണ്ടുകൊണ്ടിരിക്കവെ ഡ്രൈവര്‍ ശരണ്‍ പൂജാരി പറഞ്ഞു.

  2018 ജനുവരിയില്‍ മറ്റൊരു ഹിന്ദുത്വ പ്രവര്‍ത്തകനായ ദീപക് റാവു സൂറത്ത്കലിലെ കാട്ടിപ്പല്ലയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ കാട്ടിപ്പല്ലയ്ക്ക് സമീപം മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന ദീപക്കിനെ ഒരു കാര്‍ ഇടിച്ചിടുകയായിരുന്നു. പിന്നീട് നാല് പേര്‍ വെട്ടുകത്തികളുമായി ദീപക്കിനെ ആക്രമിച്ചു. ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  തങ്ങളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോഴും ദീപക്കിന്റെ സഹോദരിക്ക് ജോലി വാഗ്ദാനം ചെയ്തതു പോലും ബിജെപി നേതാക്കള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേസില്‍ നീതി ലഭിക്കുന്നതിനായി ദീപക്കിന്റെ കുടുംബത്തെ സഹായിക്കുന്ന പ്രാദേശിക വിഎച്ച്പി നേതാവ് പറഞ്ഞു. ഈ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണെന്നും കേസിലെ പ്രധാന പ്രതികളിലൊരാളായ പിങ്കി നവാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  2016ല്‍ ബെംഗളൂരുവില്‍ വെച്ച് പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ കൊല്ലപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് സിറ്റി സെക്രട്ടറിയായിരുന്ന രുദ്രേഷ്, സംഘടനയുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ ബെംഗളൂരുവിലെ കൊമേഴ്സ്യല്‍ സ്ട്രീറ്റിലെ ജംഗ്ഷനു സമീപം മോട്ടോര്‍ സൈക്കിളില്‍ വെട്ടുകത്തിയുമായി എത്തിയ രണ്ടുപേര്‍ ആക്രമിക്കപ്പെടുകയായിരുന്നു. അക്രമികള്‍ രുദ്രേഷിനെ ബൈക്കില്‍ നിന്ന് തള്ളിയിടുകയും തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

  കൊലപാതകത്തെ തുടര്‍ന്ന് കര്‍ണാടകയിലുടനീളം ബിജെപി വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഇതേതുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് ഏജന്‍സിക്ക് കൈമാറുകയായിരുന്നു.

  ബിജെപിക്ക് തിരിച്ചടി

  'ഹിന്ദുത്വ കേന്ദ്രം' എന്നറിയപ്പെടുന്ന ദക്ഷിണ കന്നഡ മേഖലയില്‍ ബിജെപിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രവര്‍ത്തകരില്‍ നിന്ന് തിരിച്ചടി നേരിടുന്നത്. പ്രവീണ്‍ നെട്ടാര്‍, ശരത് മഡിവാള, ദീപക് റാവു, ഹര്‍ഷ ജിംഗഡെ, സുഖാനന്ദ ഷെട്ടി തുടങ്ങി പാര്‍ട്ടിക്കു വേണ്ടി കൊലചെയ്യപ്പെട്ട' നിരവധി 'ധീരന്മാരുടെ' കൊലപാതകങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിൽ നേതാക്കള്‍ കാണിച്ച നിഷ്‌ക്രിയത്വമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിക്കാന്‍ കാരണമായത്.

  സംസ്ഥാനത്ത് നീതി നടപ്പാക്കുമെന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെയാണ് 2018ല്‍ ബിജെപി അധികാരത്തിലെത്തിയത്.

  'ഞങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ പ്രതികാരത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്തും കൊലപാതകങ്ങളുണ്ടായി. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍, കൊല്ലപ്പെട്ട ഓരോ അംഗത്തിന്റെയും ത്യാഗം മറക്കില്ലെന്നും കൊലപാതകികള്‍ക്കെതിരെ കേസെടുക്കുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ എവിടെ അവര്‍? എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്? ഒരു ഹിന്ദുവും കൊല്ലപ്പെടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത നമ്മള്‍ ഓരോരുത്തരും ഇന്ന് നിരാശയിലാണെന്ന് ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പുനിത് അത്താവര്‍ പറഞ്ഞു.

  കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറുന്നതല്ല പരിഹാരം. നമ്മുടെ യുവാക്കളെ ആക്രമിക്കുന്ന തീവ്രവാദികളുടെ ചിറകുകള്‍ വെട്ടിമാറ്റുന്ന ശക്തമായ നിയമമാണ് ഇതിനുള്ള പരിഹാരം, എന്ന് പോപ്പുലര്‍ ഫ്രണ്ട ഓഫ് ഇന്ത്യക്കെതിരെ കര്‍ശനമായ നിയമം ആവശ്യപ്പെട്ട് നാട്ടുകാരുടെ ഒപ്പ് ശേഖരിക്കുന്നതിനിടെ ഉജിരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

  അതേസമയം, സംസ്ഥാനം നിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന രോഷം രൂക്ഷമാണെന്നും അത് അവരുടെ ആത്മവീര്യത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും ബിജെപി ഭാരവാഹികള്‍ സമ്മതിക്കുന്നുണ്ട്.

  'ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയിച്ചുകഴിഞ്ഞാല്‍, ഞങ്ങള്‍ക്ക് ആവശ്യമായ രാഷ്ട്രീയ നേട്ടങ്ങളോ അവസരങ്ങളോ നല്‍കുന്നതിനായി പ്രതിനിധികള്‍ ഞങ്ങളെ സമീപിക്കാത്തതിനാൽ ഞങ്ങള്‍ നിരാശയിലാണ്. ഉദാഹരണത്തിന് ബിലവ സമുദായത്തെ എടുക്കുക. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി അവരെ അവഗണിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പുത്തൂരിലെ ഒരു പ്രാദേശിക നേതാവ് പറഞ്ഞു.

  ഏതാനും ദിവസം മുമ്പ് പ്രവീണിന്റെ ശവസംസ്‌കാര ചടങ്ങിനിടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷം നേരിട്ട് അറിഞ്ഞ കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍, പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷം പുകയുന്നതായി സമ്മതിക്കുന്നുണ്ട്.

  'ഇപ്പോള്‍ ആളുകള്‍ വൈകാരികമായി വളരെ അസ്വസ്ഥരാണ്. അവരുടെ ഉള്ളിലെ അടക്കിപ്പിടിച്ച രോഷവും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുള്ള തോന്നലും ഉണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും ശിക്ഷ നടപ്പാക്കുമെന്നും ഞങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്' സുനിൽ കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു.

  കര്‍ണാടകയിൽ ബിജെപിയെ കൂടുതല്‍ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം, നിരവധി ബിജെപി യുവമോര്‍ച്ച ഭാരവാഹികള്‍ അവരുടെ രോക്ഷം രേഖപ്പെടുത്തുന്നതിനായി രാജിക്കത്ത് അയയ്ക്കാന്‍ തുടങ്ങിയതാണ്.

  ഞങ്ങളുടെ ധര്‍മ്മം സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇത് മനസ്സിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മംഗലാപുരത്തെ ഒരു യുവനേതാവ് പറഞ്ഞു. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞതുപോലെ 'ധര്‍മ്മം' (നീതി) സംരക്ഷിക്കണമെന്ന് വ്യക്തമാക്കികൊണ്ട് ബിജെപി എസ്ടി മോര്‍ച്ച ജനറല്‍ സെക്രട്ടറി രാകേഷ് ടി ആര്‍ ഗീതയുടെ ഒരു കോപ്പി ആഭ്യന്തര മന്ത്രി അര്‍ഗ ജ്ഞാനേന്ദ്രന് അയച്ചുകൊടുത്തതും ഈ യുവനേതാവ് ഓർമ്മിപ്പിച്ചു.
  Published by:user_57
  First published: