• HOME
  • »
  • NEWS
  • »
  • india
  • »
  • Visa | വിസാ നടപടികളിൽ കാലതാമസം; ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലെത്താനാകുന്നില്ല; പിന്നിൽ സുവല്ലയോടുള്ള അത‍ൃപ്തിയോ?

Visa | വിസാ നടപടികളിൽ കാലതാമസം; ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലെത്താനാകുന്നില്ല; പിന്നിൽ സുവല്ലയോടുള്ള അത‍ൃപ്തിയോ?

അപേക്ഷകരെ പ്രതിനിധീകരിച്ച് ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ടാകില്ലെന്ന് യുകെയിലെ വിസ ഏജന്റുമാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പോകേണ്ട ഇന്ത്യക്കാർക്ക് വിസ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോൾ, ഇന്ത്യയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന വിദേശ വിനോദസഞ്ചാരികളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ വിസ പ്രൊസസ് ചെയ്യുന്ന രീതിയിൽ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പൗരന്മാർ വിസാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കണമെന്ന നിയമം നടപ്പിലാക്കിയിരിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇതോടെ ഇന്ത്യയിലെത്താനുള്ള ബ്രിട്ടനിലെ വിനോദ സഞ്ചാരികളുടെ കാത്തിരിപ്പും വർധിച്ചു.

    ഇനി മുതൽ, അപേക്ഷകരെ പ്രതിനിധീകരിച്ച് ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ടാകില്ലെന്ന് യുകെയിലെ വിസ ഏജന്റുമാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ട്രാവൽ ഏജന്റുമാർ അനധികൃതമായി ഫീസ് ഈടാക്കുന്നത് തടയാൻ ഇൻ-പേഴ്സൺ വിസ അപേക്ഷാ നിയമം (in-person visa application rule) പ്രാബല്യത്തിൽ വന്നതായും ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

    ഇന്ത്യയിലേക്ക് വരാനാ​ഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിസാ അപ്പോയ്‍മെന്റുകൾക്കുള്ള സ്ലോട്ടുകൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വിസ ലഭിക്കാനുള്ള പ്രക്രിയയിലുണ്ടാകുന്ന കാലതാമസം പലരെയും അസ്വസ്ഥരാക്കുകയാണ്. നൂറുകണക്കിനാളുകൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാ പദ്ധതികൾ റദ്ദാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് റിപ്പോർട്ടുകൾ.

    വിസക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. വിഎഫ്എസ് ഗ്ലോബൽ സെന്ററുകളിൽ വിസാ അപേക്ഷകർക്ക് നേരിട്ടു ചെല്ലാമെന്നും മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയും ഏതെങ്കിലും വിധത്തിലുള്ള കാലതാമസങ്ങളും മറ്റു പോരായ്മകളും പരിഹരിച്ചും വിസാ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

    Also read : ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസം; യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ

    യുകെയിൽ ധാരാളം ഇന്ത്യക്കാർ താമസമാക്കിയിട്ടുണ്ടെന്ന ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാന്റെ അഭിപ്രായത്തെ തുടർന്ന് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകളും ഉണ്ടായിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കെതിരെ യു കെ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ നടത്തിയ പരാമർശങ്ങൾ കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഈ രാജ്യത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്നും ഇന്ത്യൻ വംശജ കൂടിയായ ബ്രാവർമാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുമായുള്ള കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ചില ആശങ്കയുള്ളതായും സുവല്ല ബ്രാവർമാൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

    Also read : വിസ കാലതാമസം: ഇന്ത്യന്‍ അപേക്ഷകരോട് ക്ഷമ ചോദിച്ച് യുകെ ഹൈക്കമ്മീഷണര്‍

    വിസാ നടിപടിക്രമങ്ങളിലെ കാലതാമസം സുവല്ലയുടെ അഭിപ്രായത്തോടുള്ള ഇന്ത്യയുടെ അതൃപ്തി സൂചിപ്പിക്കുന്നതാണെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയിലേക്കുള്ള വിസാ നടപടിക്രമങ്ങളിൽ കാലതാമസം വരുത്തിക്കൊണ്ട് സുവല്ല ബ്രാവർമാന്റെ അഭിപ്രായ പ്രകടനത്തോട് ഇന്ത്യൻ സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് മാധ്യമപ്രവർത്തകനായ സണ്ണി ഹാൻഡൽ ട്വീറ്റ് ചെയ്തിരുന്നു. ഇത് പല ബ്രിട്ടീഷ് പൗരന്മാരെയും ബാധിക്കുമെന്നും ദീപാവലി അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കും ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

    മുൻപ്, ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലേക്കുള്ള വിസയ്ക്ക് പോസ്റ്റ് വഴി അപേക്ഷിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ഈ മാർ​ഗവും നിലവിലില്ല.
    Published by:Amal Surendran
    First published: