• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത് ആര് ?​

ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത് ആര് ?​

രണ്ട് പതിറ്റാണ്ടുകാലത്തെ ഡൽഹി വാസത്തിൽ കണ്ടറിഞ്ഞത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
പഞ്ചാബിലെ കർഷകരെയാണ് നാടാകെ പഴി പറയുന്നത്. സുപ്രീംകോടതിയും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമെല്ലാം കുറ്റപ്പെടുത്തുന്നത്. ഒരു പരിധി വരെ ഇത് ശരിതന്നെ. പഞ്ചാബിലെ മൂന്ന് ജില്ലകളിൽ കർഷകർ നിലമൊരുക്കുന്നതാണ് ഡൽഹിയിലെ ഇപ്പോഴത്തെ ശ്വാസംമുട്ടലിന്‍റെ പ്രധാന കാരണം. ഡൽഹിയിലെ ഇപ്പോഴത്തെ വായുമലിനീകരണത്തിന്റെ 47 ശതമാനവും പഞ്ചാബിലെ പട്യാല, തരൺ തരൺ, സാങ്‌രൂർ ജില്ലകളിലെ നിലമൊരുക്കൽ കാരണമാണ്. ഡൽഹിക്ക് ശ്വാസംമുട്ടാതിരിക്കാൻ ഈ കർഷകർ ശ്രമിച്ചാൽ അവരും കുടുംബം മാത്രമല്ല പ്രതിസന്ധിയിലാകുക. പഞ്ചാബും വടക്കേയിന്ത്യ ഒട്ടാകെയും പട്ടിണിയിലാകും. നിലമൊരുക്കി ഇവർ നടത്തുന്ന ഗോതമ്പ് കൃഷിയാണ് രാജ്യത്തിന്റെ വലിയൊരു ശതമാനത്തിന്റെ വിശപ്പകറ്റുന്നത്.

നിലം ഒരുക്കുന്നത് എങ്ങനെ

വിളഞ്ഞ ഗോതമ്പ് കൊയ്തെടുത്ത ശേഷം വരുന്ന കുറ്റികളാണ് വില്ലൻമാർ. കൊയിത്ത് കഴിഞ്ഞ് കൊടും വേനലിൽ പാടങ്ങൾ വറ്റി വരളുന്നതിനനുസരിച്ച് ഈ കുറ്റികൾ മണ്ണിൽ ദൃഢപ്പെടും. അടുത്ത കൃഷിക്ക് നിലമൊരുക്കണമെങ്കിൽ ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യണം. ഓരോ ഗോതമ്പ് മൂടും കൊത്തി കിളച്ച് നീക്കാൻ തുടങ്ങിയാൽ അതിന് തന്നെ വേണ്ടി വരും മാസങ്ങൾ. അതിനുള്ള ചിലവ് വേറെയും. പഞ്ചാബിലായാലും രാജ്യത്തിന്റെ മറ്റെവിടെയായാലും കർഷകന്റെ അവസ്ഥ ഒന്നുതന്നെയാണ്. പട്ടിണി. ഇങ്ങനെയുള്ള കർഷകർ ആയിരങ്ങൾ ചെലവിട്ട് ആഴ്ചകളും മാസങ്ങളുമെടുത്ത് മണ്ണിലുറച്ച ഗോതമ്പ് കുറ്റികൽ നീക്കം ചെയ്ത ശേഷം കൃഷി ചെയ്യണമെന്നാണ് ഡൽഹിയിലിരുന്ന് അധികാരികൾ ആവശ്യപ്പെടുന്നത്. പകരം അവർ ഉണങ്ങി വരണ്ട പാടത്തിന് തീയിടും. ആ തീയിൽ എല്ലാ അവശിഷ്ടങ്ങളും കത്തിയമരും. നിലമൊരുങ്ങുന്നതിനൊപ്പം ചാമ്പൽ മണ്ണിന് നല്ല വളവുമാകും. 

സർക്കാരുകൾ എന്തു ചെയ്തു

നിലമൊരുക്കാതെ കർഷകന് കൃഷിയിറക്കാനാകില്ല. ഇത് ഒരിക്കൽ മാത്രം ചെയ്യേണ്ട കാര്യവുമല്ല. എല്ലാ വർഷവും ഇത് ആവർത്തിക്കണം. ഗോതമ്പ് വയലുകൾക്ക് കർഷകർ തീയിടുമ്പോൾ കാറ്റ് ആ പുകയെത്തിക്കുന്നത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ്. ഇതാണ് എല്ലാ വർഷവും ശൈത്യകാലത്തിന് മുമ്പ് ഡൽഹിയെ ശ്വാസംമുട്ടിക്കുന്നത്. അങ്ങനെ ശ്വാസംമുട്ടുമ്പോൾ ഡൽഹിയിലെ അധികാരികൾ ഉണരും. പാവം കർഷകരെ കുറ്റം പറയും. പിന്നെ ഉഗ്രശാസനം പുറപ്പെടുവിക്കും. നിലമൊരുക്കാൻ പാടങ്ങളിൽ തീ ഇടരുത്. ഇട്ടാൽ ജയിലിലടയ്ക്കും. ഇക്കാലമത്രയും ഈ പ്രതിസന്ധിയുണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ സഹായിക്കാൻ ഒന്നും ചെയ്യാത്തത്. 1100 കോടി രൂപ ഈ പ്രതിസന്ധി പരിഹരിക്കാൻ ചെലവാക്കിയിട്ടുണ്ടെന്നാണ് ഇരു സർക്കാരും അവകാശപ്പെടുന്നത്. ആ പണം ആരു കട്ടുതിന്നു എന്ന് കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. ബഹിരാകാശത്ത് നിലയുറപ്പിച്ചിട്ടുള്ള ഉപഗ്രഹങ്ങളെ ഭൂതലത്തിൽ നിന്ന് തകർക്കാൻ കരുത്തുള്ള മിസൈലുകൾ നിർമ്മിച്ച നമുക്ക് എന്തുകൊണ്ടാണ് ഈ കർഷകരെ സഹായിക്കാൻ കഴിയാത്തത്. ഈ കർഷകരെ സഹായിക്കാൻ റോക്കറ്റ് സയൻസ് ടെക്നോളജിയൊന്നും വേണ്ട. സർക്കാർ ചിലവിൽ ടില്ലറുകൾ എത്തിച്ചു കൊടുത്താൽ മതി. ഇതുവരെ ചെലവാക്കിയ 1100 കോടിയിൽ ചില ലക്ഷങ്ങൾ മതിയാകുമായിരുന്നു ഇതിന്.നിലമൊരുക്കൽ മാത്രമോ കാരണം

ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് എല്ലാ വർഷവും ഡൽഹിയേയും പരിസര പ്രദേശങ്ങളേയും വിഷപുക വിഴുങ്ങുന്നത്. ശൈത്യകാലത്ത് വായുവിൽ ഈർപ്പം കൂടുന്നത് കാരണം മലിനവായു അന്തരീക്ഷത്തിലേക്ക് ഉയരാതെ ഭൂപ്രതലത്തിനോട് അടുത്ത തന്നെ തങ്ങി നിൽക്കും. വെയിലിന് ചൂടുകൂടുമ്പോൾ ഇതിന് മാറ്റം വരും. അതുകൊണ്ട് തന്നെ ശൈത്യകാലത്ത് പ്രഭാത സവാരികളും രാവിലെയുള്ള മറ്റ് കായിക പരിശീലനങ്ങളും ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള പുകയുണ്ടാക്കുന്ന മലിനീകരണത്തിൽ നിന്നുളള രക്ഷയായിട്ടാണ് ഈ നിർദ്ദേശം നൽകുന്നത്.നട്ടുച്ചയ്ക്ക് വ്യായാമം ചെയ്യുന്നവരെ ശൈത്യകാലത്ത് ഡൽഹിയിലെ നരത്തുകളിലും പാർക്കുകളിലും കണ്ടാൽ ഇതാണ് കാരണമെന്ന് മനസിലാക്കുക. പക്ഷെ ഇപ്പോഴത്തെ പ്രതിസന്ധി ദിവസങ്ങളോളം നീളുന്നതാണ്. അതിന് ഭഗവാൻ ശ്രീരാമൻ വരെ കാരണക്കാരനാണ്. ശൈത്യകാലത്തിന്റെ വരവറിയിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപാവലിയോടെ തുടങ്ങുന്ന ശൈത്യം ഹോളിയോടെയാണ് അവസാനിക്കുന്നത്. വടക്കേയിന്ത്യയിലെ സാധാരണക്കാരുടെ തയ്യാറെടുപ്പിന്റെ അടിസ്ഥാത്തിലുള്ള കണക്കാണിത്. രാവണനെ വധിച്ച് സീതയെ വീണ്ടെടുത്ത് തിരികെയെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ കോടികളുടെ പടക്കങ്ങളാണ് ദീപാവലിക്ക് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊട്ടിക്കുന്നത്. എത്ര മുന്നറിയിപ്പുണ്ടെങ്കിലും വൈകിട്ട് തുടങ്ങി വെളുക്കുവോളം നീളും ആഘോഷം. അടുത്ത ദിവസം മുതൽ പരാതി പറഞ്ഞു തുടങ്ങുമെങ്കിലും ആഘോഷം ഒട്ടു കുറയ്ക്കില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പൊട്ടുന്ന പടക്കങ്ങൾക്ക് അത്ര വലിയ കുറവ് വിന്നിട്ടില്ല. ഈ ആഘോഷങ്ങൾ കുറയ്ക്കാതെ പഞ്ചാബിലെ കർഷകനെ മാത്രം എന്തിനാണ് കുറ്റം പറയുന്നത്.

Also Read- ഡൽഹിയിലെ വായുമലിനീകരണം: ഒരു ന്യായവും കേൾക്കേണ്ട; നടപടിയാണ് ആവശ്യമെന്ന് സുപ്രീംകോടതിശ്വാസം മുട്ടുമ്പോൾ മാത്രം ആലോചിക്കേണ്ടതോ പ്രാണവായു

മലിനീകരണം ഏറ്റവും അധികമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഒന്നാമതാണ് നമ്മുടെ രാജ്യതലസ്ഥാനം. അത് വായു മലിനീകരണത്തിന്റെ കാര്യത്തിൽ മാത്രമല്ല. ശുദ്ധജല ലഭ്യതയുടെ കാര്യത്തിലായാലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായാലും. ഇത് പഞ്ചാബിൽ കർഷകർ നിലത്തിന് തീയിടുന്നത് കൊണ്ട് മാത്രമല്ല. ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നാണ് ഇന്ന് യമുനാ നദി. കാളിയൻ തുപ്പിയ വിഷത്തെക്കാൾ ശക്തിയുള്ള വിഷമാണ് ഇന്ന് ഈ നദിയിലൂടെ ഒഴുകുന്നത്. യമുന ശുചീകരണത്തിന് ശതകോടികൾ ചെലവിട്ടു. പക്ഷെ നാൾക്കുനാൾ യമുനയിലെ മാലിന്യം കൂടി വരുകയാണ്.ഡീസൽ ഉപയോഗിച്ച് ഓടുന്ന വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങൾ ഡൽഹിയിൽ നിരോധിച്ചു. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റ ഇരട്ട നമ്പർ തരം തിരിവ് ഏർപ്പെടുത്തി. ഇതെല്ലാം തൊലിപ്പുറത്തുള്ള ചികിത്സമാത്രമേ ആകുന്നുള്ള. അതുമാത്രം പോര. ഡൽഹി വാസികൾ അവരുടെ യാത്രകൾക്ക് ആദ്യം ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ ആകുന്ന കാലം വരണം. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കണം. മൂന്ന് വർഷം നിത്യേന ഇരുപത് കിലോമീറ്റർ സൈക്കിൾ ചവിട്ടി ഓഫീസിൽ പോയിട്ടുണ്ട് ഈ ലേഖകൻ. ആ യാത്ര എത്ര ബുദ്ധിമുട്ടുള്ള, എത്ര അപകടകരമായ കാര്യമാണെന്ന് നല്ല ബോധ്യവുമുണ്ട്. നടപാതകളിലൂടെയും സൈക്കിൾ ട്രാക്കുകളിലൂടെയും ബൈക്കിൽ പായുന്നവർ തട്ടി വീഴ്‌ത്തിയിട്ടുണ്ട്. തർക്കിക്കുകയും തല്ലാൻ വരുകയും ചെയ്തിട്ടുണ്ട്. ആ ഗതി മാറണം. എല്ലാ റോഡുകളിലും സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കണം. ആ ട്രാക്കുകളിൽ സൈക്കിൾ സവാരിക്കാർ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണം. ഇതിനുള്ള ബോധവൽക്കരണങ്ങളും നടപടികളും വേണം. അത് ശ്വാസം മുട്ടുമ്പോൾ മാത്രം പോര. ശ്വാസം കിട്ടുമ്പോഴും വേണം.

Also Read- വായുമലിനീകരണം: മാലിന്യം കത്തിച്ചാൽ അയ്യായിരം രൂപ പിഴ

First published: