ന്യൂഡൽഹി: ഡൽഹിയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. 2015ലെ തെരഞ്ഞെടുപ്പിൽ 9.7 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് ഇത്തവണ 4.27 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഷീല ദീക്ഷിതിന് ശേഷം ഡൽഹി കോണ്‍ഗ്രസ് ഘടകത്തിന്റെ ചുമതലയേറ്റെടുത്ത സുഭാഷ് ചോപ്രക്ക് പാര്‍ട്ടിയെ ചലനാത്മകമാക്കാൻ കഴിഞ്ഞിരുന്നില്ല. സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര കൽകാജി മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയിരുന്നു. എന്നാൽ, കെട്ടിവെച്ച കാശ് ലഭിക്കാതെ പോയ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് ശിവാനിക്കും ഇടം ലഭിച്ചത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ആകെയുള്ള 70 സീറ്റിൽ 66 സീറ്റിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. ഇതിൽ മൂന്നു സ്ഥാനാർത്ഥികൾക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിച്ചത്.
ഗാന്ധി നഗറിൽ മത്സരിച്ച അരവിന്ദർ സിംഗ് ലവ്ലി, ബാദ് ലിയിൽ നിന്ന് മത്സരിച്ച ദേവേന്ദർ യാദവ്, കസ്തൂർബ നഗറിൽ നിന്ന് മത്സരിച്ച അഭിഷേക് ദത്ത് എന്നിവർക്കാണ് കെട്ടിവെച്ച കാശ് ലഭിച്ചത്. ബാക്കി 63 മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശു പോലും നഷ്ടമായി.
Also Read- കെജ്‌രിവാളിന്‍റെ രാഷ്ട്രീയ വിജയം
മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കീഴിൽ 15 വർഷം ഡൽഹി ഭരിച്ച പാർട്ടിക്കാണ് ഈ അവസ്ഥയുണ്ടായത്. മണ്ഡലത്തിൽ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്ന് കിട്ടിയാൽ മാത്രമേ കെട്ടിവെച്ച കാശ് ലഭിക്കുകയുള്ളൂ. എന്നാൽ, 63 മണ്ഡലങ്ങളിൽ അത് നേടാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ആകെ വോട്ടിന്‍റെ അഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2020 Delhi Polls, Aap, Delhi assembly election 2020, Delhi Assembly Election result, Delhi Election 2020