ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തതിന് ഇന്ത്യൻ മുജാഹിദീൻ (ഐഎം) പ്രവർത്തകൻ യാസിൻ ഭട്കലിനും മറ്റ് പത്തു പേർക്കുമെതിരെ യുഎപിഎ കേസ് പ്രകാരം കുറ്റം ചുമത്തി ഡൽഹി പട്യാല ഹൗസ് കോടതി. ഇന്ത്യയ്‌ക്കെതിരെ ഭട്കൽ നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തെന്ന് പ്രത്യേക എൻഐഎ ജഡ്ജി ശൈലേന്ദ്ര മാലിക് പറഞ്ഞു. കേസിൽ മൂന്ന് പ്രതികളെ വെറുതെവിട്ടു.
”ജിഹാദിന്റെ പേരിൽ അമുസ്‌ലിങ്ങളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പുകളും ജിഹാദുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളും ജിഹാദിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന താലിബിന്റെയും അൽ ഖ്വയ്ദയുടെയും വീഡിയോകളും അന്വേഷണ സംഘടം കണ്ടെത്തിയിട്ടുണ്ട്”, എന്നും കോടതി ചൂണ്ടിക്കാട്ടി. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചനയിൽ മാത്രമല്ല, ഐഇഡികളും സ്‌ഫോടക വസ്തുക്കളും തയ്യാറാക്കുന്നതിലും ഭട്കലിന് പങ്കുണ്ടെന്ന് വിവിധ ഇലക്ട്രോണിക്, ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്ത ശേഷം കോടതി നിരീക്ഷിച്ചു.
Also read-‘കഴുതപ്പാല്‍ സോപ്പിൽ കുളിക്കൂ; സൗന്ദര്യം വർധിപ്പിക്കൂ; സ്ത്രീകളോട് മനേക ഗാന്ധി
സൂറത്തിൽ അണുബോംബ് ഇടും മുൻപേ പട്ടണത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കാൻ ഇന്ത്യൻ മുജാഹിദീൻ പദ്ധതിയിട്ടിരുന്നതായും കോടതി യാസിൻ ഭട്കലും സഹായി മൊഹമ്മദ് സാജിദും (ബഡാ സാജിദ്) തമ്മിലുള്ള സംഭാഷണം പരിശോധിച്ച ശേഷം ചൂണ്ടിക്കാട്ടി. 2013 ജൂൺ 1-ന് ഭട്കലും സാജിദും തമ്മിലുള്ള മറ്റൊരു ചാറ്റിൽ ഛത്തീസ്ഗഡിൽ ഒരു കോൺഗ്രസ് നേതാവിന് നേരെയുള്ള മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതും ചില രാഷ്ട്രീയ നേതാക്കളെ കൊല്ലാൻ പദ്ധതിയിടുന്നതും വ്യക്തമായെന്നും കോടതി പറഞ്ഞു.
യാസിൻ ഭട്കൽ മറ്റ് ബോംബ് സ്ഫോടന കേസുകളിൽ വിചാരണ നേരിടുന്നുണ്ടെന്നും ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഭട്കലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എംഎസ് ഖാൻ വാദിച്ചു. മറ്റു കേസിലെ തെളിവുകളെ ഈ കേസിൽ ആശ്രയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121 എ, 123 വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 17, 18, 18 ബി, 20 വകുപ്പുകൾ പ്രകാരവുവാണ് ഇന്ത്യൻ മുജാഹിദീനെതിരായ ക്രിമിനൽ എൻഐഎ അന്വേഷിക്കുന്നത്.
2003 അവസാനത്തോടെയാണ് നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീൻ രൂപീകൃതമായത്. തീവ്ര മതചിന്തകൾ വെച്ചു പുലർത്തുന്ന യുവാക്കളാണ് ഇതിലെ അംഗങ്ങൾ. ഇഖ്ബാൽ ഭട്കൽ, റിയാസ് ഭട്കൽ, മൊഹമ്മദ് സിദ്ധിബാപ്പ സരാർ, യാസിൻ ഭട്കൽ തുടങ്ങിയവർ ചേർന്നാണ് സംഘടനക്ക് രൂപം കൊടുത്ത്. നേരത്തെ മറ്റൊരു നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധം പുലർത്തിയിരുന്നവരാണ് ഇവർ. 1992 ലെ ബാബറി മസ്ജിദ് ആക്രമണത്തിനു ശേഷം നടന്ന ഗുജറാത്ത് കലാപത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ മുജാഹിദീൻ എന്ന പേരിൽ ഒരു പുതിയ ഭീകര സംഘടന ഇവർ രൂപീകരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.