ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.
Also Read- നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള വേദിയായി ക്രിക്കറ്റിനെ നരേന്ദ്രമോദി സർക്കാർ മാറ്റുന്നത് എങ്ങനെ?
സിബിഐ കേസില്‍ വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഇ ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നാളെ അദ്ദേഹത്തെ ഇ.ഡി. കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
മദ്യവിൽപ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡല്‍ഹി എക്സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് ലെഫ്. ഗവര്‍ണർ സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തു.
മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്സൈസ് മന്ത്രിയായ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങള്‍ക്കിടെ മദ്യനയം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.