ഭവനരഹിതരായ കുട്ടികൾക്കായി ബോർഡിംഗ് സ്കൂൾ (Boarding School) പദ്ധതിയുമായി ഡൽഹി സർക്കാർ (Delhi Government). ബജറ്റ് പ്രസംഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഭവനരഹിതരായ കുട്ടികൾക്കായുള്ള ബോർഡിംഗ് സ്കൂൾ സ്ഥാപിക്കുന്നതിന് ഡൽഹി സർക്കാരിന്റെ മൂന്ന് വകുപ്പുകൾ ഏകോപിപ്പിച്ച് ആയിരിക്കും പദ്ധതി തയ്യാറാക്കുക. എഎപി (AAP) സർക്കാർ ഇത്തരമൊരു സ്കൂൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കും. "സാമൂഹിക ക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് (WCD), വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്" എന്ന് ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ഇങ്ങനെ ഒരു സ്കൂൾ എന്ന ആശയം എങ്ങനെ ഉടലെടുത്തു എന്ന ചോദ്യത്തിന്, മഹാമാരിയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഭവനരഹിതരായ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തേക്കാൾ ട്രാഫിക് സിഗ്നലുകൾക്ക് സമീപം കാണുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി. അവർക്ക് പാർപ്പിട സൗകര്യങ്ങൾ നൽകിയാൽ എങ്ങനെ പ്രയോജനപ്പെടുമെന്ന് നിരീക്ഷിക്കാൻ ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (DCPCR), ജില്ലാ അധികൃതർ എന്നിവരുടെ സഹകരണത്തോടെ മാളവ്യ നഗറിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കിയിരുന്നു. ഇതുവഴി അവർ എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നതെന്നും താമസ സൌകര്യം ഏർപ്പെടുത്തിയതോടെ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നത് തടയാനും കഴിയുമെന്ന് കണ്ടെത്തി. ഇതിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയെന്നും
ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സമ്പൂർണ പദ്ധതിയുമായാണ് സർക്കാർ എത്തുന്നത്. 'എല്ലാ കുട്ടികളോടും സർക്കാരിന് പ്രതിബദ്ധതയുണ്ട്. ഞങ്ങളുടെ സ്കൂൾ മാതൃക ഇത്തരത്തിൽ ഒന്നാണ്. സ്കൂളിൽ ഹാജരാകാത്ത കുട്ടികളുണ്ടെങ്കിൽ കാരണങ്ങൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും" ചെയ്യും ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വിവരിച്ചു. തെരുവ് കുട്ടികളുടെ പ്രശ്നത്തിൽ ഡബ്ല്യുസിഡി പ്രവർത്തിക്കുന്നുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ എൻ.ജി.ഒകൾക്കും ജില്ലാ അധികൃതർക്കും ഇത്തരം കുട്ടികളെ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ അധികൃതർ ശേഖരിക്കുന്ന ഈ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരുവുകുട്ടികൾക്ക് നിയമപരമായ നിർവചനമില്ല. എന്നാൽ 'സേവ് ദി ചിൽഡ്രൻ' ഓർഗനൈസേഷൻ അതിന്റെ റിപ്പോർട്ടിൽ 'സർവൈവിംഗ് ദി സ്ട്രീറ്റ്: എ സ്റ്റഡി ഓഫ് സ്ട്രീറ്റ് ചിൽഡ്രൻ ഇൻ ഡൽഹിയിൽ' യുനിസെഫിന്റെ പരാമർശം വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മൂന്ന് തരം കുട്ടികൾ തെരുവിൽ കഴിയുന്ന കുട്ടികളുടെ വിഭാഗത്തിൽ പെടുന്നു.
ഇതിൽ ഒന്നാമത്തേത് കുടുംബത്തിൽ നിന്ന് ഓടിപ്പോയവരും തെരുവിൽ ഒറ്റയ്ക്ക് ജീവിക്കുന്നവരുമാണ്. രണ്ടാമത്തേത് തെരുവിൽ ജോലി ചെയ്യുന്ന കുട്ടികളാണ്. ഇവർ ജീവിതമാർഗത്തിനായി കൂടുതൽ സമയവും തെരുവുകളിൽ ചെലവഴിക്കുകയും എന്നാൽ പതിവായി വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്ന തെരുവ് കുടുംബങ്ങളിലെ കുട്ടികളാണ് അവസാന വിഭാഗം.
ബോർഡിംഗ് സ്കൂൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ സിസോദിയ നിർദ്ദേശിച്ചിരുന്നു. അതേസമയം ഭവനരഹിതരായ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളൂ.
“ഭക്ഷണവും പാർപ്പിടവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലില്ലെങ്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനാവില്ല. ഈ നിരാലംബരായ ഭവനരഹിതരായ കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബോർഡിംഗ് സ്കൂൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ സ്കൂളുകൾ ശ്രമിക്കുമെന്നും“ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.