• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi | ബസ് കുടുങ്ങിയാൽ ക്രെയിൻ പാഞ്ഞെത്തും, തടസം നീക്കും; പുത്തൻ സംവിധാനവുമായി ഡൽഹി സർക്കാർ

Delhi | ബസ് കുടുങ്ങിയാൽ ക്രെയിൻ പാഞ്ഞെത്തും, തടസം നീക്കും; പുത്തൻ സംവിധാനവുമായി ഡൽഹി സർക്കാർ

നിരോധിത മേഖലകളിൽ പാർക്ക് ചെയ്ത വാഹനങ്ങളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ബസ് ഗതാഗതം തടസ്സപ്പെടുത്തിയാൽ അപ്പോൾ ക്രെയിനുകൾ സ്ഥലത്തെത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

  • Share this:
ബസ് യാത്ര കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ പുതിയ സംവിധാനവുമായി ഡൽഹി സർക്കാർ (Delhi Government). നിരോധിത മേഖലകളിൽ പാർക്ക് ചെയ്ത വാഹനങ്ങളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ബസ് ഗതാഗതം തടസ്സപ്പെടുത്തിയാൽ അപ്പോൾ ക്രെയിനുകൾ സ്ഥലത്തെത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പെട്ടെന്ന് തന്നെ തടസ്സം നീക്കാനാണ് പദ്ധതിയെന്ന് ഡൽഹി ഗതാഗതവകുപ്പ് (Delhi Transportation Department) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അപ്പോളോ ആശുപത്രിക്ക് സമീപം, ആശ്രമം ചൗക്കിലൂടെ ബദർപൂർ ഇടനാഴി വരെയുള്ള പാതയിലെ ബസ് യാത്രയുടെ പ്രശ്നങ്ങൾ ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് നേരിട്ടെത്തി പഠിച്ചിട്ടു. ഡൽഹിയിലെ റോഡുകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ബസുകൾ കൂട്ടംകൂടുന്നതും തടസ്സപ്പെടുന്നതും പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡൽഹി സർക്കാർ സംവിധാനം ഒരുക്കുകയാണ്. നഗരത്തിൻെറ ഏത് മൂലയിൽ പ്രശ്നമുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ ഗതാഗത വകുപ്പിലെ ഇതുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന് അറിയാൻ സാധിക്കും. ഉടൻ തന്നെ ക്രെയിൻ അയച്ച് തടസ്സം പരിഹരിക്കും," ഗതാഗത വകുപ്പ് വ്യക്തമാക്കി.

Also Read- എന്നോട് ക്ഷമിക്കൂ, ആ പണം മുഴുവൻ സമൂഹ നന്മയ്ക്ക് ഉപയോഗിക്കും; മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ

ഏപ്രിൽ 19 വരെ നടത്തിയ പരിശോധനയ്ക്കിടയിൽ ബസ്സുകൾ പോവുന്ന വഴിയിൽ ഗതാഗതത്തിന് തടസ്സം വരുത്തുന്ന രീതിയിൽ നിരോധിത മേഖലയിൽ പാർക്ക് ചെയ്തതിന് 85 വാഹന ഉടമകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. തെറ്റായ പാർക്കിങിന് പിഴ അടയ്ക്കുന്നതിനായി ഇപ്പോൾ തന്നെ 729 ചലാനുകളാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ 237 ബസ് ഡ്രൈവർമാർക്കും ചലാൻ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. 126 ക്ലസ്റ്റർ ബസുകളും 111 ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്.

ബസ് സ്റ്റാൻഡിന് 75 മീറ്റർ മുന്നിലുള്ള സ്ഥലത്ത് ഓട്ടോകൾക്കും ടാക്‌സികൾക്കും കാറുകൾക്കും പിക്ക്-അപ്പ് വാഹനങ്ങൾക്കും ആളുകളെ കയറ്റുന്നതിനും മറ്റുമായി അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ സ്ഥലം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ചെറിയ വാഹനങ്ങൾ ബസ് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തിടുന്നത് ശരിയല്ലെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

Also Read- പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ചെത്തി; ആൺകുട്ടിയെ കോളേജിൽ പ്രവേശിപ്പിക്കാതെ അധികൃതർ

ഡൽഹിയിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്താനായി മറ്റ് ചില പദ്ധതികളും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ബസ് നിർത്തേണ്ട സ്ഥലങ്ങളിൽ റോഡുകളിൽ ബസ് ബോക്സുകൾ വരച്ചിടും. റോഡ് മാർക്കിങ്ങുകളും റോഡിലെ ചിഹ്നങ്ങളും നവീകരിക്കാനും ശ്രമമുണ്ട്. പിഡബ്ല്യൂഡി ഐഐടി ഡൽഹിയും ചേർന്ന് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ബ്രിട്ടാനിയ ചൗക്ക് മുതൽ രാജാ ഗാർഡൻ ജംഗ്ഷൻ വരെയുള്ള ഒരു സോണിലായിരിക്കും ആദ്യം പദ്ധതി നടപ്പാക്കുക.

ഈ മേഖലയിലെ തിരക്കും തടസ്സങ്ങളും കണക്കിലെടുത്താണ് സ്ഥലം തിരഞ്ഞെടുത്തത്. ബസ്സുകൾ നിർത്തേണ്ട സ്ഥലം, ബസ്സുകൾ പോവേണ്ട പാത, മറ്റ് സിഗ്നലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം നൽകും. ഇവിടുത്തെ ഗതാഗത തിരക്ക് കുറച്ച് ഇതേ രീതി നഗരത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Published by:Arun krishna
First published: