ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും ഡല്‍ഹി ഹൈക്കോടതിയിൽ തുടക്കം. ഒരു രാജ്യം, ഒരു നിയമം എന്നത് ഇന്ത്യയെപ്പോലുള്ള ഏതൊരു സോഷ്യലിസ്റ്റ്- ജനാധിപത്യ രാജ്യത്തിന്റെയും അടിസ്ഥാനമാണെന്ന് കാട്ടി, ഏകീകൃത സിവില്‍ കോഡിന്റെ കരട് രൂപം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീം യുവാവ് ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച നോട്ടീസ് അയച്ചത്.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. അതോടൊപ്പം തീര്‍പ്പാക്കാത്ത സമാനമായ ഹര്‍ജികള്‍ക്കൊപ്പം ഈ വിഷയത്തെ കൂട്ടിവായിക്കണമെന്ന് സൂചന നല്‍കുകയും ചെയ്തു. ലിംഗനീതി, ലിംഗ സമത്വം, സ്ത്രീകളുടെ അന്തസ്സ് എന്നിവയടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനാ ഭാഗങ്ങളാണ് ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവ. ഏകീകൃത സിവില്‍ കോഡ് ഇല്ലാതെ ഇവ നടപ്പിലാക്കാന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഏകീകൃത സിവില്‍ കോഡിന്റെ കരട് രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഈ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് അശ്വിനി ഉപാധ്യായ കോടതിയെ അറിയിച്ചു. ഡാനിഷ് ഇക്ബാല്‍ എന്ന മുസ്ലീം യുവാവാണ് ഹര്ജിക്കാരന്. വിവാഹപ്രായം, വിവാഹമോചനം, ജീവനാംശം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ ഇവയെല്ലാം ലിംഗ സമത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും ഇവ നേടാനായി ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള എകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതാണ് ഉചിതമെന്നുമാണ് ഇക്ബാലിന്റെ വാദം.
നിലവില്‍ ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാല്‍ ഇവിടെ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കാന്‍ ആളുകള്‍ മതം മാറാന്‍ വരെ തയ്യാറാണ്. പാകിസ്ഥാന്, തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ വരെ മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയുടെ സമ്മതം അനിവാര്യമാണെന്നിരിക്കെയാണ് ഇവിടെ ഇതെല്ലാം സംഭവിക്കുന്നതെന്നും ഇക്ബാല്‍ ഹർജിയിൽ പറഞ്ഞു.
Also read- പത്തനംതിട്ട വകയാറിൽ വീണ്ടും പുലിയിറങ്ങി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
20 വയസ്സിന് മുമ്പ് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുന്നത് മാരക രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും എന്ന് ലോകാരോഗ്യ സംഘടന വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അതേസമയം ഇവിടെ മുസ്ലിം മാതാപിതാക്കള്‍ക്ക് കൗമാരാക്കാരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാം എന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ടെന്നും ഇക്ബാല്‍ പറയുന്നു.
കൂടാതെ തലാഖ് വിഷയത്തെപ്പറ്റിയും ഇക്ബാല്‍ വിശദമായി തന്നെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുത്തലാഖ് ഉള്‍പ്പടെ വാമൊഴി രൂപത്തിലുള്ള എല്ലാ തലാഖുകളും ഭരണഘടന വിരുദ്ധമാണെന്ന് കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. എന്നാല്‍ തലാഖ്-ഇ-ഹസന്, തലാഖ്-ഇ-അഹ്സന്, എന്നിവ ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്ന് വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍ എന്നും ഇക്ബാല്‍ പറയുന്നു.
Also read- അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന സൈനികർ തമ്മിലുളള സംഘർഷത്തിനു കാരണമെന്ത്?
സ്ത്രീധനം എന്ന സമ്പ്രദായത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ് മുസ്ലീം സ്ത്രീകള്‍. വിവാഹ സമയത്ത് പെണ്‍കുട്ടി ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും വിവാഹമോചന സമയത്ത് ആ പെണ്‍കുട്ടിയ്ക്ക് തിരികെ ലഭിക്കുന്നില്ല. അവയെല്ലാം ഭര്‍ത്താവും അയാളുടെ വീട്ടുകാരുമാണ് ഉപയോഗിച്ച് വരുന്നതെന്നും ഇക്ബാല്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
അതുകൊണ്ട് തന്നെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും അതിലൂടെ ലിംഗ സമത്വം ഉറപ്പാക്കാനും, വിദ്വേഷ പ്രവണതകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. ദേശീയ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാനും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ കഴിയുമെന്നും ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.