• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി ആശുപത്രിയിലെ മലയാളം വിലക്ക്; ഖേദം പ്രകടിപ്പിച്ച് നഴ്സിംഗ് സൂപ്രണ്ട്; വ്യക്തിപരമല്ലെന്ന് വിശദീകരണം

ഡൽഹി ആശുപത്രിയിലെ മലയാളം വിലക്ക്; ഖേദം പ്രകടിപ്പിച്ച് നഴ്സിംഗ് സൂപ്രണ്ട്; വ്യക്തിപരമല്ലെന്ന് വിശദീകരണം

നഴ്സുമാർ പരസ്പരം പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് മറ്റ് നഴ്സുമാർക്കും ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുനതായി പരാതി ലഭിച്ചിരുന്നുവെന്ന് വിശദീകരണത്തിൽ പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
ന്യൂഡൽഹി:  ജിബി പന്ത് ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവത്തിൽ ക്ഷമാപണം നടത്തി നഴ്സിംഗ് സൂപ്രണ്ട്.  ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നത് വിലക്കിയത് വ്യക്തിപരമായ താൽപര്യപ്രകാരമല്ലെന്നും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ആശുപത്രി അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ നഴ്സിംഗ് സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രിയിലെ നഴ്സുമാർ പരസ്പരം പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് മറ്റ് നഴ്സുമാർക്കും ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുനതായി പരാതി ലഭിച്ചിരുന്നുവെന്ന് വിശദീകരണത്തിൽ പറയുന്നു.  പരാതിയിൽ മലയാളം എന്ന് വ്യക്തമായി പറഞ്ഞതിനാലാണ് സർക്കുലറിൽ മലയാളത്തിൽ സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്. മെയ് 31, ജൂൺ 1, 2 തീയതികളിൽ ലഭിച്ച പരാതികളുടെ പകർപ്പും വിശദീകരണത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Also Read-നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു

മറ്റ് ജീവനക്കാരുടെ മുന്നിൽവെച്ച്  ചിലർ പ്രാദേശിക ഭാഷയിൽ പരസ്പരം സംസാരിക്കുന്നതിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ സദുദ്യേശത്തോടെയാണ് സർക്കുലർ ഇറക്കിയതെന്നും നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ സൂപ്രണ്ടിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ GB പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ ജൂൺ 5 നായിരുന്നു ഇറക്കിയത്.

നഴ്സിംഗ് സൂപ്രണ്ടിന്‍റെ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ച് കെ.സി വേണുഗോപാൽ എംപി,  കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ് വർധന്  കത്ത് നൽകുകയും ചെയ്തിരുന്നു.  നഴ്‌സിംഗ് സുപ്രണ്ടിന്‍റെ  ഉത്തരവിനെതിരെ നഴ്സിംഗ് സംഘടനകളും വിമർശനമുന്നയിച്ചിരുന്നു.



ഇതേതുടർന്ന് ഉത്തരവ് പിൻവലിക്കുകയും ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രിയിലെ ഉത്തരവ് തങ്ങളുടെ അറിവോടെ അല്ലെന്ന്  അധികൃതർ അറിയിക്കുകയും ചെയ്തു.നടപടിയിൽ  ഡൽഹി സർക്കാർ വിശദീകരണം തേടിയിരുന്നു. ഉത്തരവ് പാസ്സാക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിനാണ് നഴ്സിങ് സൂപ്രണ്ട് മറുപടി നൽകിയിരിക്കുന്നത്.
Published by:Asha Sulfiker
First published: