• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി ജുമാ മസ്ജിദിൽ ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശന വിലക്ക്; ഡേറ്റിങ് സ്ഥലമാക്കുന്നുവെന്ന് ഇമാം

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശന വിലക്ക്; ഡേറ്റിങ് സ്ഥലമാക്കുന്നുവെന്ന് ഇമാം

സ്ത്രീകളുടെ പ്രവേശനം നിരോധിച്ചിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നും ജുമാ മസ്ജിദ് വക്താവ് പറഞ്ഞു

  • Share this:
ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നറിയിച്ചതിനു പിന്നാലെ ഡൽഹി ജുമാ മസ്ജിദ് ഇമാമിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസയച്ചു. പ്രസ്താവന വിവാദമായതോടെ പ്രാർത്ഥിക്കാൻ വരുന്നവർക്ക് ഇത് ബാധകമല്ല എന്ന് ഇമാം അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.

ജുമാ മസ്ജിദിൽ സ്ത്രീകളുടെ പ്രവേശനം തടയാനുള്ള തീരുമാനം തീർത്തും തെറ്റാണെന്ന് സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു. പുരുഷന് ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം പോലെ തന്നെ സ്ത്രീകൾക്കും അത്തരം അവകാശങ്ങൾ ഉണ്ടെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ പ്രവേശനം നിരോധിച്ചിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നും ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ പറഞ്ഞു. ആൺകുട്ടികളെ കാണാനെത്തുന്ന പെൺകുട്ടികളുടെ ഒരു മീറ്റിംഗ് പോയിന്റായി പള്ളി പരിസരം മാറുന്നത് തടയാനും ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനുമൊക്കെ പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുടുംബത്തോടൊപ്പം വരുന്ന പെൺകുട്ടികൾക്കോ വിവാഹിതരായ ദമ്പതികൾക്കോ യാതൊരു വിലക്കുമില്ല. എന്നാൽ ആരെയെങ്കിലും കാണുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ വരുന്നത്, പള്ളിയെ ഒരു മീറ്റിംഗ് പോയിന്റ് ആക്കുന്നത്, പാർക്കായി കരുതുന്നത്, ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്, നൃത്തം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും അ​ഗീകരിക്കാനാകില്ല. അത് ഒരു ആരാധനാലയത്തിനും, അത് മസ്ജിദായാലും ക്ഷേത്രമായാലും ഗുരുദ്വാരയായാലും സ്വീകാര്യമല്ല'', ഖാൻ പറഞ്ഞു. മസ്ജിദ് പ്രാർത്ഥനയ്‌ക്കുള്ളതാണെന്നും അതിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളിയുടെ പരിസരത്ത് ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. ''ജുമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ഇവിടേക്ക് പ്രാർത്ഥിക്കാനായി ഞങ്ങൾ ജനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്ക് ഇവിടെ ഡേറ്റിങ്ങിനായി വരുന്നു. അതിനുള്ള സ്ഥലമല്ല ഇത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്'', ബുഖാരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

''പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ, ഇത്തരം സ്ഥലങ്ങളെല്ലാം ആരാധനാലയമാണ് എന്ന് എല്ലാവരും ഓർക്കണം. പ്രാർത്ഥിക്കാനായി ആരും വരുന്നതിന് ഒരു നിയന്ത്രണവുമില്ല. ഇന്ന് ഇരുപത്തിയഞ്ചോളം പെൺകുട്ടികളുടെ ഒരു സംഘം പ്രാർത്ഥിക്കാനായി ഇവിടെ എത്തിയിരുന്നു. അവർക്ക് പ്രവേശനം അനുവദിച്ചു'', ബുഖാരി കൂട്ടിച്ചേർത്തു.
Published by:Anuraj GR
First published: