ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ വിജയം ആഘോഷിക്കുന്ന കോൺഗ്രസ് നടപടി ചോദ്യം ചെയ്ത് ഡൽഹി മഹിളാ കോൺഗ്രസ് പ്രസിഡന്റ് ശർമിഷ്ഠ മുഖർജി. സ്വന്തം പാർട്ടിയുടെ നാണംകെട്ട തോല്‍വിയിൽ ശ്രദ്ധിക്കാതെ ആം ആദ്മിയുടെ വിജയം ആഘോഷിക്കുന്നത് ചോദ്യം ചെയ്താണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ കൂടിയായ ശർമിഷ്ഠ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസ് സംസ്ഥാന പാർട്ടികൾക്ക് കരാർ കൊടുത്തോ എന്നാണ് ഇവരുടെ വിമർശനം..
ഡൽഹിയിൽ ബിജെപിയെ തകർത്ത് ആം ആദ്മി വൻവിജയം നേടിയതിന് പിന്നാലെ ആപ്പിനെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.. 'ആം ആദ്മി ജയിച്ചു.. വീമ്പു പറച്ചിലുകാരും പൊങ്ങച്ചം പറയുന്നവരും പരാജയപ്പെട്ടു.. ബിജെപിയുടെ അപകടകരമായ ധ്രുവീകരണ-വിഭജന അജണ്ടയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദില്ലി ജനത പരാജയപ്പെടുത്തി.. 2021ലും 2022 ലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിച്ച ഡൽഹി ജനതയെ ഞാൻ നമിക്കുന്നു.' എന്നായിരുന്നു ട്വീറ്റ്. ഇത്തരമൊരു പ്രതികരണത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ പരസ്യവിമർശനം നടത്തിയിരിക്കുന്നത്.
ചിദംബരത്തിന്‍റെ ട്വീറ്റിന് മറുപടിയായി തന്നെയായിരുന്നു ശർമിഷ്ഠയുടെ പ്രതികരണം. 'നിങ്ങളോടുള്ള എല്ലാ ബഹുമാനവും വച്ചു കൊണ്ട് പറയട്ടെ.. എനിക്ക് ഒരു കാര്യം അറിയാനുണ്ട്.. ബിജെപിയെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസ് സംസ്ഥാന പാർട്ടികൾക്ക് പുറം കരാർ കൊടുത്തിരിക്കുകയാണോ? അങ്ങനെയല്ലെങ്കിൽ നമുക്കേറ്റ പ്രഹരത്തിൽ ആശങ്കപ്പെടാതെ എന്തുകൊണ്ടാണ് ആം ആദ്മിയുടെ വിജയം നമ്മൾ ആഘോഷിക്കുന്നത്.. അഥവ പുറം കരാർ കൊടുത്തു എന്നാണെങ്കിൽ സംസ്ഥാനത്തെ പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ അടച്ചുപൂട്ടുന്നതാണ് നല്ലത്..' എന്നായിരുന്നു മറുപടി ട്വീറ്റ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് ഒറ്റ സീറ്റ് പോലും നേടാനാകാതെ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2020 Delhi Polls, Aap, Delhi assembly election 2020, Delhi Assembly Election result, Delhi Election 2020