• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഇത് എന്നോടു ചെയ്യുന്ന ക്രൂരത'; ഹിന്ദുക്കളോട് പ്രതികാരം ചെയ്യണമെന്ന് ഐ.എസ് പ്രചരിപ്പിച്ച ചിത്രത്തിലുള്ള മൊഹമ്മദ് സുബൈർ

'ഇത് എന്നോടു ചെയ്യുന്ന ക്രൂരത'; ഹിന്ദുക്കളോട് പ്രതികാരം ചെയ്യണമെന്ന് ഐ.എസ് പ്രചരിപ്പിച്ച ചിത്രത്തിലുള്ള മൊഹമ്മദ് സുബൈർ

ഡൽഹി കലാപത്തിനിടെ ആയുധങ്ങളുമായി എത്തിയ അക്രമകാരികൾക്ക് മുന്നിൽ തലകുത്തിയിരുന്ന മൊഹമ്മദ് സുബൈറിന്‍റെ ചിത്രം ലോകമെങ്ങും വൈറലായിരുന്നു.

zubair

zubair

 • Share this:
  ന്യൂഡൽഹി: തലയ്ക്ക് പരിക്കേറ്റ മൊഹമ്മദ് സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ തന്നെ കാണാൻ എത്തുന്നവരെ ചെറു പുഞ്ചിരിയോടെ വരവേൽക്കുന്ന സുബൈർ ലോകമെങ്ങും അറിയപ്പെട്ടത് ഒരൊറ്റ ചിത്രത്തിലൂടെയാണ്. ഡൽഹി കലാപത്തിനിടെ ആയുധങ്ങളുമായി എത്തിയ അക്രമകാരികൾക്ക് മുന്നിൽ തലകുത്തിയിരിക്കുന്ന സുബൈറിന്‍റെ ചിത്രം ഇസ്ലാമിക് സ്റ്റേറ്റാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

  ഹിന്ദുക്കൾക്കെതിരെ മുസ്ലീങ്ങളെല്ലാം ഒരുമിക്കണമെന്ന ആഹ്വാനത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. എന്നാൽ അത് തന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയായിപ്പോയെന്നാണ് സുബൈർ ദേഷ്യത്തോടെ പറയുന്നത്. ഇതേത്തുടർന്ന് നിരവധിയാളുകളാണ് സുബൈറിനെ കാണാനും സുഖവിവരങ്ങൾ അന്വേഷിച്ച് വിളിക്കുകയും ചെയ്യുന്നത്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് അറിയാതെ ഇരിക്കുകയാണ് സുബൈർ.

  ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിൽ അസ്വസ്ഥനാണ് സുബൈർ. 'എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. ഇത് എങ്ങനെ നേരിടണമെന്നും ഒരു വ്യക്തതയില്ല'- സുബൈർ പറയുന്നു.

  കലാപകാരികൾ വ്യാപക അക്രമം നടത്തുന്നതിനിടെയാണ് ഭജൻപുര മാർക്കറ്റിൽ സുബൈർ ഒറ്റപ്പെട്ടുപോയത്. ഒപ്പമുള്ളവരെല്ലാം ഓടി രക്ഷപെട്ടു. അതിനിടെയാണ് കലാപകാരികൾ വാളും ആയുധങ്ങളുമായി സുബൈറിന് വളഞ്ഞത്. അവർക്ക് മുന്നിൽ തന്നെ ഒന്നും ചെയ്യരുതേയെന്ന് നിലവിളിച്ചുകൊണ്ട് തലകുത്തിയിരിക്കുകയാണ് സുബൈർ ചെയ്തത്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിലും പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചത്.

  ഡൽഹിയിൽനിന്ന് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം സ്വദേശമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ സുബൈർ പുതിയതായി ഒരു ജീവിതം ആരംഭിക്കാനാണ് ആരംഭിക്കുന്നത്. "എനിക്ക് ഒരു കുടുംബമുണ്ട്, അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോകണം. ഒരു പുതിയ കട ആരംഭിക്കാൻ ശ്രമിക്കുന്നു, അതിന് പിന്തുണ ആവശ്യമാണ്. കലാപസമയത്തെ സംഭവങ്ങൾ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കി. അതിൽനിന്നെല്ലാം കരയകയറണം," സുബൈർ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കാണാൻ വരുന്നുണ്ട്. അവരോടെല്ലാം ദൈവത്തിൽ വിശ്വസിച്ച് ക്ഷമയോടെയിരിക്കാനാണ് സുബൈർ പറയുന്നത്.

  തലയ്ക്കേറ്റ പരിക്ക് കാരണം തുന്നലുകളുണ്ട്. അത് നീക്കാൻ വീണ്ടും ഡോക്ടറെ കാണണം. "മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രണമുണ്ടായത്. സ്റ്റമ്പുകൾ ഉപയോഗിച്ച് ക്രൂരമായി തലയിലും ശരീരത്തും അടിച്ചു," അദ്ദേഹം പറയുന്നു. അക്രമമുണ്ടായ തിങ്കളാഴ്ച സുബൈർ പള്ളിയിൽ പോയിരിക്കുകയായിരുന്നു. അവിടെനിന്ന് മടങ്ങുമ്പോഴാണ് അക്രമത്തിന് ഇരയായത്. കുട്ടികൾക്കായി ഹൽവയും മിഠായിയുമൊക്കെ വാങ്ങാനാണ് ഭജൻപുർ മാർക്കറ്റിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ തന്നെ കലാപകാരികൾ എല്ലാം അടിച്ചുതകർത്തുമുന്നോട്ടുവരുന്നുണ്ടായിരുന്നു. അവിടെനിന്ന് രക്ഷപെടാൻ തെരഞ്ഞെടുത്ത കുറുക്കുവഴി എത്തിച്ചേർന്നത് കലാപകാരികളുടെ മുന്നിലായിരുന്നു.

  "ഭജൻപുര മാർക്കറ്റിലേക്കുള്ള വഴിയേ പോകാൻ പറഞ്ഞ വ്യക്തിയെ ഞാൻ വിശ്വസിച്ചു. എളുപ്പവഴി പോകാമെന്ന് ഞാൻ കരുതി. ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ മുന്നിൽപ്പെട്ടതോടെ ആക്രമണത്തിന് ഇരയായി. ആക്രമണത്തിന് ശേഷം ഞാൻ അബോധാവസ്ഥയിലായി. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു, " സുബൈർ പറയുന്നു.
  Published by:Anuraj GR
  First published: