ന്യൂഡൽഹി : ജന്മദിനം അവിസ്മരണീയമായി ആഘോഷിക്കാനുള്ള ശ്രമങ്ങൾ യുവാവിനെ എത്തിച്ചത് ജയിലിൽ. ഡൽഹി സ്വദേശിയായ ഫൈസാനാണ് ജന്മദിനാഘോഷങ്ങളുടെ പേരിൽ പൊലീസ് പിടിയിലായത്.
തന്റെ മുപ്പത്തിരണ്ടാം ജന്മദിനം ഒരിക്കലും മറക്കാനാകാത്ത രീതിയിൽ ആഘോഷിക്കാനായിരുന്നു ഫൈസാന്റെ ശ്രമം. പഴയ ദില്ലിയിലെ ചന്ദ്നി മഹലിൽ കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്നതിനിടെ തോക്കുപയോഗിച്ച് വെടിയുതിർത്തതാണ് യുവാവിന് വിനയായത്. ആഘോഷങ്ങൾക്കിടെ വായുവിൽ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഫൈസാൻ തന്നെ ടിക്ടോകിൽ ഷെയർ ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറലായതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സേനയടക്കം അതീവ ജാഗ്രതയിലാണ്. ആ സാഹചര്യത്തിലാണ് ആയുധം ഉപയോഗിച്ചുള്ള ആഘോഷ വീഡിയോ പൊലീസിന്റെ ശ്രദ്ധയിലെത്തുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ടിക് ടോക് വീഡിയോ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സംഘം ചന്ദ്നി മഹലിലെ വീട്ടിലെത്തി ഫൈസാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൽഹിയിലെ ഒരു പ്രമുഖ കാറ്ററിംഗ് ഉടമയുടെ മകനാണ് ഫൈസാൻ. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ നിർമ്മിത തോക്കും വീഡിയോ ചിത്രീകരിക്കാനുപയോഗിച്ച മൊബൈലും ഫൈസാനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.